പ്രതികൾ 
Crime

ഓൺലൈൻ ലോണിന്‍റെ പേരിൽ വീട്ടമ്മയിൽനിന്നു തട്ടിയെടുത്തത് 2 ലക്ഷം രൂപ; യുവാക്കൾ അറസ്റ്റിൽ

ലോൺ പ്രോസസിങ് ഫീസ്, ലോണിന്‍റെ ഈട് പെനാൽറ്റി എന്നിങ്ങനെ പല കാരണങ്ങൾ നിരത്തി 2,00,000 രൂപ പല തവണയായി വാങ്ങിയെടുക്കുകയായിരുന്നു.

കോട്ടയം: ഓൺലൈൻ ബാങ്ക് ലോൺ എന്ന വ്യാജേന വീട്ടമ്മയിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ കെ.എ നഹാസ് (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തൻവീട്ടിൽ പി.റ്റി. സാദത്ത് (34) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് 2,00,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

വീട്ടമ്മ തന്‍റെ ഫെയ്സ്ബുക്കിൽ സ്വകാര്യ ബാങ്കിന്‍റെ 2 ലക്ഷം രൂപ പേഴ്സണൽ ലോണിന്‍റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ലോണിന് അപേക്ഷിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിച്ചതിനെ തുടർന്ന് വീട്ടമ്മയോട് 5 ലക്ഷം രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണം എന്നുപറഞ്ഞ് ഇവരിൽ നിന്നും ലോണിന്‍റെ ഈടായും പെനാൽറ്റിയായും മറ്റും 200000 രൂപ പല തവണയായി വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇവരെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ പി.എസ് സുബ്രഹ്മണ്യൻ, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ എ.സി രമേശ്, കെ.സി അനീഷ്, ജോബി ജോസഫ്, ടി.സി അനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?