കോതമംഗലം : കള്ളാട്ടിൽ വീട്ടമ്മയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ അയൽവാസികളായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് കസ്റ്റഡിയിൽ. ഇവരെ തിങ്കളാഴ്ച തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഷണത്തിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം. തിങ്കൾ ഉച്ചയ്ക്ക് ശേഷമാണ് വീട്ടമ്മ സാറാമ്മയെ(72) മരിച്ച നിലയിൽ കാണുന്നത്. എന്നാൽ സംഭവസമയം തങ്ങൾ സ്ഥലത്തില്ലെന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനോട് പറഞ്ഞത്. ഇതു സ്ഥിരീകരിക്കാൻ ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ള രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്. കൃത്യം നടത്തിയത് മറ്റാരെങ്കിലും ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നാടിനെ നടുക്കി പട്ടാപ്പകൽ വീണ്ടുമൊരു കൊലപാതകം കൂടി കോതമംഗലത്ത് നടുക്കുബോൾ ജനങ്ങൾ ഭീതിയിലാണ്.മൂന്ന് വീട്ടമ്മമാർ അതിദാരുണമായി കൊല ചെയ്യപ്പെട്ടതിന്‍റെ ബാക്കി പത്രമായി ചേലാട് കള്ളാട് ചെങ്ങമാട്ട് സാറാമ്മയുടെ കൊലപാതകവും.മറ്റ് മൂന്ന് കൊലപാതകത്തിലും വീട്ടമ്മമാർ ഒറ്റയ്ക്കുള്ളപ്പോഴായിരുന്നു കൃത്യം നടത്തിയത്.തിങ്കളാഴ്ച സാറാമ്മ (72) മാത്രം വീട്ടിൽ ഉള്ള സമയത്തായിരുന്നു കൃത്യം നടന്നതും. മാതിരപ്പിള്ളി ഷോജി ഷാജി കേസ് മാത്രമാണ് വർഷങ്ങൾക്കുശേഷം ഏതാനും മാസം മുൻപ് തെളിഞ്ഞത്. ഈ കേസിൽ ഇപ്പോഴും ദുരൂഹത അവശേഷിക്കുന്നതായി ആരോപണമുണ്ട്.
ചെറുവട്ടൂരിൽ അങ്കണവാ ടി അധ്യാപിക നിനി, അയിരൂർപ്പാടം ആമിന അബൂബക്കർ എന്നീ സ്ത്രീകളുടെ കൊലപാതകത്തിൽ പ്രതികളെ ഇതുവരെ പിടിക്കാനായിട്ടില്ല. ഷോജിയെ കഴുത്തറുത്ത് കൊന്നാണ് ആഭരണം തട്ടിയെടുത്തത്. നിനിയെ വെള്ളത്തിൽ മുക്കിയും ആമിനയെ ശ്വാസംമുട്ടിച്ചുമാണ് പട്ടാപ്പകൽ കൊലപ്പെടുത്തിയത്.
നിനിയുടെയും ആമിനയുടെയും കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഉച്ചസമയത്ത് പാടത്ത് പുല്ലു മുറിക്കാൻ പോയവേളയിലാണ് ആമിന കൊല്ലപ്പെടുന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പത്ത് പവനോളം ആഭരണം കവർച്ച ചെയ്തിരുന്നു. തിങ്കളാഴ്ച
സാറാമ്മ കഴുത്തിൽ ആഴത്തിലേറ്റ മുറിവേറ്റാണ് കൊല്ലപ്പെട്ടത്. ആമിനയുടേതുപോലെ സാറാമ്മയുടെ ആഭരണ വും നഷ്ടപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച രാത്രി എത്തിയ പോലീസ് നായ മണം പിടിച്ച് കീരമ്പാറ കവല വരെ പോയിരുന്നു.ഇൻക്വസ്റ്റ് നടപടി നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.