ഇരുപത്തിരണ്ട് വർഷം മുൻപ് തന്‍റെ അച്ഛനെ കൊന്നയാളെ മുപ്പത് വയസുകാരൻ ട്രക്ക് കയറ്റി കൊന്ന് പ്രതികാരം ചെയ്തു Representative image
Crime

22 വർഷം കാത്തിരുന്നു; ഒടുവിൽ അച്ഛന്‍റെ ഘാതകനെ ട്രക്ക് കയറ്റി കൊന്ന് പ്രതികാരം

ഇരുപത്തിരണ്ട് വർഷം മുൻപ് തന്‍റെ അച്ഛനെ കൊന്നയാളെ മുപ്പത് വയസുകാരൻ ട്രക്ക് കയറ്റി കൊന്ന് പ്രതികാരം ചെയ്തു

അഹമ്മദാബാദ്: ഇരുപത്തിരണ്ട് വർഷം മുൻപ് തന്‍റെ അച്ഛനെ കൊന്നയാളെ മുപ്പത് വയസുകാരൻ ട്രക്ക് കയറ്റി കൊന്ന് പ്രതികാരം ചെയ്തു. ഗോപാൽ സിങ് ഭട്ടിക്ക് എട്ട് വയസുള്ളപ്പോഴാണ് അച്ഛൻ ഹരി സിങ് ഭട്ടി ഇതേ രീതിയിൽ കൊല്ലപ്പെട്ടത്. ഇത്രയും കാലം പ്രതികാരം ചെയ്യാൻ തക്ക അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഗോപാൽ.

അമ്പത് വയസുകാരനായ നഖാത് സിങ് ഭട്ടിയാണ് സൈക്കിളിൽ പോകുമ്പോൾ പിക്കപ്പ് ട്രക്ക് ഇടിച്ച് മരിച്ചത്. ആദ്യം വാഹനാപകടം എന്നു കരുതപ്പെട്ട സംഭവമാണ് പൊലീസ് അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമായിരുന്നു എന്നു തെളിഞ്ഞത്.

2002ൽ ഹരി സിങ് ഭട്ടി ട്രക്ക് ഇടിച്ച് മരിച്ച കേസിൽ നഖാതും ഇയാളുടെ നാല് സഹോദരങ്ങളും പ്രതികളായിരുന്നു. ഇവർക്ക് കോടതി ഏഴു വർഷം വീതം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ജയിലിൽ നിന്നിറങ്ങിയ ശേഷം തത്ലേജിലെ ഒരു റെസിഡൻഷ്യൽ കോളനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു നഖാത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഇയാൾ സൈക്കിളിൽ പോകുമ്പോൾ ഗോപാൽ പിക്കപ്പ് ട്രക്ക് കയറ്റി കൊന്നത്.

സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഗോപാലിനെ അൽപ്പ ദൂരത്തിനുള്ളിൽ പൊലീസ് പിടികൂടി. അശ്രദ്ധമായി വാഹനം ഓടിച്ചതിനു മാത്രമാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാൽ, കൊലപാതകത്തിനു വേണ്ടി മാത്രമായി കഴിഞ്ഞ ആഴ്ച എട്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ ട്രക്കായിരുന്നു ഇതെന്ന് ഗോപാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിക്കപ്പ് ട്രക്കിന് 1.25 ലക്ഷം രൂപ ഡൗൺ പേയ്മെന്‍റ് അടച്ച ഗോപാൽ ബാക്കി തുകയ്ക്ക് ബാങ്ക് ലോൺ എടുക്കുകയായിരുന്നു.

നഖാതിന്‍റെയും ഗോപാലിന്‍റെയും കുടുംബങ്ങളും ഇവരുടെ ഗ്രാമങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി ശത്രുത നിലനിൽക്കുന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജയ്സാൽമീറിലെ ബദോദ ഗ്രാമത്തിൽനിന്നായിരുന്നു നഖാത്. ഗോപാൽ ആകട്ടെ, അജാസർ ഗ്രാമവാസിയും.

രണ്ടു ഗ്രാമത്തിലുമുള്ളവർ പരസ്പരം സംസാരിക്കുക പോലും ചെയ്യാത്തത്ര ശത്രുതയിലാണ് കഴിയുന്നത്. ഒത്തുതീർപ്പിനു പലവട്ടം ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നും പൊലീസ്.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ