ലൈസന്‍സില്ലാതെ 10,000 റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍: നിയമനിര്‍മാണം അനിവാര്യം Representative image - Freepik
Kerala

ലൈസന്‍സില്ലാതെ 10,000 റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍: നിയമനിര്‍മാണം അനിവാര്യം

വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യം

തിരുവനന്തപുരം: വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക റൂട്ട്സിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജന്‍സികളുടെ കണ്‍സല്‍റ്റേഷന്‍ യോഗം വിലയിരുത്തി.

രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്‍റുകള്‍, വിസ തട്ടിപ്പ്, സ്റ്റുഡന്‍റ് വിസ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുളള റിക്രൂട്ട്‌മെന്‍റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ (1983) പരിമിതികളുണ്ട്. സംസ്ഥാനത്തു മാത്രം ലൈസന്‍സില്ലാത്ത പതിനായിരത്തോളം റിക്രൂട്ട്മെന്‍റ് കണ്‍സല്‍ട്ടിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ് സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി.

നിയമപരമായ പരിമിതികളാണ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ നടത്തുന്ന വിദേശ റിക്രൂട്ട്മെന്‍റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനും കഴിയാത്തത്. വ്യാജ റിക്രൂട്ട്മെന്‍റുകള്‍ സംബന്ധിച്ച നോര്‍ക്ക റൂട്ട്സിന്‍റെ ആശങ്കകള്‍ റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തില്‍ പ്രത്യേക നിയമനിര്‍മാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

തിരുവനന്തപുരം തൈയ്ക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍ക്ക, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ്, പോലീസ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ്, പഞ്ചാബ് സര്‍ക്കാര്‍, റിക്രൂട്ട്മെന്‍റ് ഏജന്‍സി, ലോക കേരള സഭ, സിഡിഎസ്, ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷൻ തുടങ്ങി ഇരുപതോളം ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ. ഹരിലാൽ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവി രാമൻ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി, കെഎഎസ്ഇ മാനേജിംഗ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, പഞ്ചാബ് എന്‍.ആര്‍.ഐ സെല്‍ എഡിജിപി പ്രവീൺ കുമാർ സിൻഹ, ഐ ഐ എം എ ഡിയില്‍ നിന്നും ഡോ. ഇരുദയ രാജൻ, സി.ഡി.എസില്‍ നിന്നും ഡോ. വിനോജ് എബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ