108 ആംബുലൻസ് ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് file image
Kerala

108 ആംബുലൻസ് ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്

2010ൽ ആരംഭിച്ച 108 ആംബുലൻസ് പദ്ധതിയിൽ ആദ്യമായാണ് ഇത്രയും ദിവസം സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരം

കൊച്ചി: 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം നാല് ദിവസo പിന്നിട്ടു. 2010ൽ ആരംഭിച്ച 108 ആംബുലൻസ് പദ്ധതിയിൽ ആദ്യമായാണ് ഇത്രയും ദിവസം സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരം നടക്കുന്നത്. നാല് ദിവസമായി സംസ്ഥാനത്ത് 108 ആംബുലൻസ് സേവനം നിലച്ചെങ്കിലും പരിഹാര നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല.

രണ്ടു മാസത്തെ ശമ്പളം എത്രയും പെട്ടെന്ന് നൽകുക, ഇൻക്രിമെന്‍റ് നടപ്പിലാക്കുക, ജീവനക്കാരെ അനാവശ്യമായി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സിഐടിയുവിന്‍റെ ആഭിമുഖ്യത്തിൽ 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്കുന്നത്.

കഴിഞ്ഞ ദിവസം സിഐടിയു സംസ്ഥാന സെക്രട്ടറിയുമായും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായും കമ്പനി സംസ്ഥാന മേധാവി ശരവണൻ നടത്തിയ ചർച്ച വിജയം കണ്ടില്ല. സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്ന കമ്പനി നിലപാട് സിഐടിയു നിരാകരിച്ചു. സർക്കാരിൽ നിന്ന് 10 കോടി അടുത്തിടെ കിട്ടിയിട്ടും സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നാണ് സിഐടിയു ഭാരവാഹികൾ പറയുന്നത്.

ഇതിനിടെ വെള്ളിയാഴ്ച സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം സ്വകാര്യ കമ്പനി ജീവനക്കാർക്ക് വിതരണം ചെയ്തു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം വിതരണം ചെയ്യുമെന്നാണ് സ്വകാര്യ കമ്പനിയുടെ നിലപാട് . ഇതോടെ സമരം തുടരാനാണ് സിഐടിയു തീരുമാനം.

2023 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെ സ്വകാര്യ കമ്പനി സർക്കാരിന് സമർപ്പിച്ച ബിൽ തുകയിൽ 90 കോടി രൂപയാണ് കുടിശികയുള്ളത്. കുടിശിക 100 കോടി പിന്നിട്ടപ്പോൾ അടിയന്തര ധനസഹായമായി പത്തു കോടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനുവദിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പള വിതരണം നടന്നിരുന്നില്ല.

നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള 60 ശതമാനം വിഹിതം ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.

108 ആംബുലൻസ് സേവനം നിലച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് രോഗികൾ. അപകടത്തിൽ പെടുന്നവരെയും മറ്റ് അത്യാഹിതങ്ങളിൽ പെടുന്നവരെയും ആശുപത്രികളിലെത്തിക്കുന്നതിനും, വിദഗ്ധ ചികിത്സയ്ക്കായി ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനും പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി