High Court Of Kerala 
Kerala

നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തനിക്ക് അത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും വിചാരണക്കോടതി കൈമാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി വീണ്ടും കോടതിയിലെത്തിയത്. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ജില്ലാ സെഷൻസ് കോടതിയാണ് അന്വേഷണം നടത്തിയത്. മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ വസ്തുതാ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമെങ്കിൽ പോലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി അന്വേഷണം പൂർത്തിയാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തനിക്കു പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത പറയുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ തന്നെ മെമ്മറി കാർഡ് പല തവണകളായി അനധികൃതമായി പരിശോധിക്കപ്പെട്ടു എന്നാണ് കണ്ടെത്തിയത്.

തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടെത്തുകയായിരുന്നു. 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയെന്നാണു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തൽ. വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് സാധാരണ നിലയിൽ 2 മിനിറ്റ് മതി മെമ്മറി കാർഡ് കോപ്പി ചെയ്യാൻ എന്നാൽ 35 മിനിറ്റോളമാണ് ഈ മെമ്മറി കാർഡ് ഫോണിലുണ്ടായിരുന്നതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ആദ്യം വിചാരണ കോടതിയെ സമീപിച്ചു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ വിചാരണ കോടതി തയാറായില്ല. തുടർന്ന് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ