Kerala

നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ: മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷത്തില്‍ ബിരുദം

ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കും

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ജൂലൈ ഒന്നിനാണ് നാലു വർഷ ബിരുദ പ്രോഗ്രാമിന്‍റെ ക്ലാസുകൾ ആരംഭിക്കുക. മേയ് 20നു മുൻപ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20ന് പ്രവേശനം ആരംഭിക്കും- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്നു വർഷ ബിരുദത്തിൽ നിന്ന് അധികമായി ഒരു വർഷം പഠിക്കുകയല്ല നാലു വർഷ ബിരുദം. മൂന്നു വർഷത്തില്‍ ബിരുദവും നാലു വർഷത്തില്‍ ഓണേഴ്‌സ് ബിരുദവും ലഭിക്കും. പുതിയ കാലത്തെ അക്കാദമിക് - കരിയർ താൽപര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നത്.

ഉദാഹരണമായി, നിലവിൽ കെമിസ്ട്രി വിഷയമായെടുക്കുന്നവർക്ക് ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രി മാത്രം നിർബന്ധമായി പഠിച്ചാൽ മതിയാകും. ഫിസിക്‌സും ഇലക്‌ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകൽപന ചെയ്യാൻ പുതിയ സംവിധാനത്തിന്‍റെ ഭാഗമായി കലാലയങ്ങളിൽ അക്കാദമിക് കൗൺസിലർമാരുണ്ടാവും.

മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കും. നാലാം വർ‌ഷം ഗവേഷണത്തിനും ഇന്‍റേൻഷിപ്പുകൾക്കുമായാണ് ഉദ്ദേശിക്കുന്നത്. പഠനത്തിനിടെ കോഴ്സ് മാറ്റമില്ലാതെ കോളെജ്- സർവകലാശാലാ മാറ്റത്തിനും വിദ്യാർഥിക്ക് അവസരമുണ്ടാകും. പൂർണമായും ക്രെഡിറ്റ് സമ്പ്രദായത്തിലായതിനാൽ ക്രെഡിറ്റ് കൈമാറ്റം വഴിയാണ് മാറ്റം സാധിക്കുന്നത്. നാലു വര്‍ഷ ബിരുദം പരിചയപ്പെടുത്തുന്നതിന് പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്കായുള്ള ഓറിയന്‍റേഷന്‍ ക്ലാസ് 14ന് ആരംഭിക്കും. അധ്യാപകര്‍ക്കും സ്ഥാപനതലത്തില്‍ ക്ലാസെടുക്കും. കൂടാതെ അക്കാദമിക് സമൂഹത്തിന് അതിവേഗം സേവനം ഉറപ്പാക്കുന്നതിന് സേവന അവകാശ പത്രിക പ്രഖ്യാപനവും നടത്തും. കോഴ്സ് തെരഞ്ഞെടുപ്പിലെ സംശയങ്ങള്‍ പരിഹരിക്കാന്‍ സർവകലാശാലാ -കോളെജ് തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക് ഒരുക്കും.

പരീക്ഷയും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവുമടക്കം എല്ലാ സര്‍‌വകലാശാലകളിലും സമയബന്ധിതമായി നടത്താന്‍ ഏകീകൃത അക്കാദമിക് കലണ്ടർ തയ്യാറാക്കി. കലണ്ടര്‍ ഓട്ടോണോമസ് കോളെജുകള്‍ക്കും സ്വീകാര്യമാണ്. പരീക്ഷാ-മൂല്യനിർണയ രീതികളിലും സമൂലമായ മാറ്റം വരുത്തും- മന്ത്രി പറഞ്ഞു.

മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷത്തില്‍ ബിരുദം

മൂന്നു വർഷത്തിനുള്ളിൽ 133 ക്രെഡിറ്റ് നേടി പാസായാൽ ബിരുദം ലഭിക്കും. മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷത്തില്‍ ക്രെഡിറ്റ് സമ്പാദിച്ചാല്‍ എന്‍ മൈനസ് വണ്‍ സംവിധാനത്തിലൂടെ ബിരുദം പൂർത്തിയാക്കാം. നാലു വർഷത്തിൽ 177 ക്രെഡിറ്റും നേടുന്നവര്‍ക്ക് ഓണേഴ്‌സ് ലഭിക്കും. ഓണേഴ്‌സ് നേടുന്നവർക്ക് രണ്ടു വർഷത്തെ പിജി ഒരുവർഷത്തിൽ പഠിച്ചെടുക്കാം. നിശ്ചിത ക്രെഡിറ്റ് നേടുന്നവര്‍ക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം. ഡിഗ്രി നേടുന്നവർക്ക് സാധാരണ രീതിയിൽ പിജിയ്ക്ക് ചേരാം. പഠനത്തിനിടക്ക് അന്തർസർവകലാശാല മാറ്റത്തിനും അവസരമുണ്ട്. റെഗുലർ കോളെജ് പഠനത്തിനൊപ്പം ഓൺലൈനായും കോഴ്സുകള്‍ പഠിച്ച് ലഭിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താം. ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്ന് ആർജിച്ച ക്രെഡിറ്റും പഠന പ്രോഗ്രാമിന്‍റെ ഭാഗമാക്കും. നൈപുണ്യ വികസന പരിശീലനത്തിന്‍റെ ഭാഗമായുള്ള ഇന്‍റേൺഷിപ്പും ക്രെഡിറ്റിലേക്ക് മുതൽക്കൂട്ടാം.

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്