#സ്വന്തം ലേഖകൻ
തിരുവനന്തപുരം: അവധിക്കാലം കഴിഞ്ഞു, കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്. മൂന്നേകാല്‍ ലക്ഷത്തിലേറെ കുട്ടികള്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണു പ്രതീക്ഷ. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 38 ലക്ഷം കുട്ടികളെത്തും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗത്തിലെ കുട്ടികളും ഉള്‍പ്പടെ ഈ അധ്യയന വര്‍ഷം ആകെ 42 ലക്ഷത്തിലേറെ കുട്ടികള്‍ സ്കൂളിലെത്തും.
അറിവിന്റെ ലോകത്തേക്ക് ആദ്യമായെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ വര്‍ണാഭമായ പ്രവേശനോത്സവമാണ് ഒരുക്കിയിരിക്കുന്നത്. 10 മണിക്ക് സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം മലയിൻകീഴ് ജിവിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവര്‍ പങ്കെടുക്കും.
കവി മുരുകൻ കാട്ടാക്കട രചിച്ച് വിജയ് കരുൺ സംഗീതം പകർന്ന് മഞ്ജരി ആലപിച്ച "മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം...' എന്ന ഗാനവുമായാണ് പ്രവേശനോത്സവത്തില്‍ കുട്ടികളെ വരവേല്‍ക്കുക. ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി എല്ലാ സ്കൂളുകളിലും തത്സമയം പ്രദർശിപ്പിക്കും.
സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, മാലിന്യ നിർമാർജനം, ദുരന്തനിവാരണ ബോധവത്കരണം, കൗൺസിലിങ് എന്നിവയെല്ലാം വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നു. സ്ഥിരം അധ്യാപകർ ഇല്ലാത്ത സർക്കാർ സ്കൂളുകളിൽ താത്കാലിക അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചു.
സംസ്ഥാനത്താകെ 6,849 എൽ പി സ്കൂളുകളും 3,009 യുപി സ്കൂളുകളും 3,128 ഹൈസ്കൂളുകളും 2,077 ഹയർ സെക്കൻഡറി സ്കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുമാണുള്ളത്. സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയ്ഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും.