തൃശൂർ: നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടി സംഘത്തിനു മേൽ തടി ലോറി പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളുമുണ്ട്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (30), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെ നാട്ടിക ജെകെ തിയെറ്ററിനടുത്താണ് സംഭവം. കിടന്നുറങ്ങിയ സംഘത്തിൽ 10 പേരുണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നിടത്തേക്ക് ഇടിച്ചുകയറിയത്.
സംഭവ സ്ഥലത്തുവച്ചു തന്നെ അഞ്ച് പേർ മരിച്ചു. ബാരിക്കേഡ് മറികടന്നു വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ക്ലീനറാണ് ലോറി ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.