കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം 
Kerala

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സംസ്ഥാനത്തെ മാലിന്യ നിർമാർജന പരിപാടിക്ക്‌ മാധ്യമങ്ങൾ നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ്‌

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) അറുപതാം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയിൽ ഉജ്വല തുടക്കം. പാലാരിവട്ടം റെനൈ കൊളോസിയത്തിൽ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത അധ്യക്ഷയായി.

പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ, ഹൈബി ഈഡൻ എംപി, കെ.വി. തോമസ്‌, എ.എൻ. രാധാകൃഷ്‌ണൻ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്‌. ബാബു, എം. ഷജിൽകുമാർ, ആർ. ഗോപകുമാർ എന്നിവർ സംസാരിച്ചു.

രാവിലെ സമ്മേളനനഗരിയിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത പതാക ഉയർത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ചത്‌. യൂണിയൻ ജനറൽ സെക്രട്ടറി ആർ. കിരൺബാബു പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ട്രഷറർ സുരേഷ്‌ വെള്ളിമംഗലം കണക്കും അവതരിപ്പിച്ചു. തുടർന്ന്‌ പൊതു ചർച്ച ആരംഭിച്ചു. ഉച്ചക്കുശേഷം ചേർന്ന പൊതുസമ്മേളനം തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമങ്ങൾ വിമർശനം ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും, നേര്‌ തിരിച്ചറിയാതെ കടന്നാക്രമിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യ നിർമാർജന പരിപാടിക്ക്‌ മാധ്യമങ്ങൾ നൽകിയ പിന്തുണ എടുത്തുപറയേണ്ടതാണ്‌. നാടിന്‍റെ പൊതുവിപത്തിനെതിരെ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തമേഖലയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മാധ്യമ രംഗത്തും കാലാനുസൃതമായ മാറ്റങ്ങള്‍ കാണാനാകും. പുത്തന്‍ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും, ക്ലൗഡ് മീഡിയയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല ഇത് നേരിടാന്‍ നമുക്കാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മേയർ എം. അനിൽകുമാർ, യൂണിയൻ പ്രസിഡന്‍റ് എം.വി. വിനീത, ജനറൽ സെക്രട്ടറി ആർ. കിരൺബാബു, എം. ഷജിൽകുമാർ, ആർ. ഗോപകുമാർ എന്നിവർ സംസാരിച്ചു.

വൈകിട്ട് ചേർന്ന സാംസ്കാരിക സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. കെ.സി. വേണുഗോപാൽ എംപി, സംവിധായകൻ വിനയൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം.കെ. സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി. രാജൻ എന്നിവരെ ആദരിച്ചു. തുടർന്ന് രാജേഷ്‌ ചേർത്തലയും സംഘവും സംഗീതപരിപാടി അവതരിപ്പിച്ചു.

ഇന്ന് രാവിലെ പത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ, പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. പകൽ മൂന്നിന് സമാപനസമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ