81% registered votes through house votting process 
Kerala

വീട്ടില്‍ വോട്ട് ചെയ്തത് 81 % പേർ; തപാല്‍വോട്ടെടുപ്പ് 23 വരെ തുടരും

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽതന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു. ഏപ്രിൽ 25 വരെ വീട്ടിൽ വോട്ട് തുടരും.

കാസർഗോഡ് മണ്ഡലത്തിലെ വോട്ടറായ 111 വയസുള്ള സി. കുപ്പച്ചിയമ്മ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് ഏറെ കൗതുകമായി. ജില്ലാ കലക്റ്റർ കെ. ഇമ്പശേഖർ നേരിട്ട് വീട്ടിലെത്തി ഇവരെ അഭിനന്ദിക്കുകയുണ്ടായി. കിടപ്പുരോഗിയായ ശിവലിംഗത്തിന് വോട്ട് ചെയ്യുന്നതിന് മാത്രമായി 18 കിലോമീറ്റർ വനമേഖലയിലൂടെ ഉദ്യോഗസ്ഥർ കാൽനടയായി യാത്ര ചെയ്തത് സജീവമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നൂറനടിയിലാണ് ഉദ്യോഗസ്ഥർ പ്രതിബന്ധങ്ങൾ താണ്ടി എത്തിയത്.

പൊലീസ്, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് സംഘത്തിന്‍റെ സന്ദർശനം സംബന്ധിച്ച വിവരം സ്ഥാനാർത്ഥികളെയോ, സ്ഥാനാർഥികളുടെ പ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത മെറ്റൽ ബോക്സുകളിൽ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്‍റെ രഹസ്യ സ്വഭാവം പൂർണമായി നിലനിർത്തിക്കൊണ്ടാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തിവരുന്നത്.വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിനു വേണ്ടി എൻഐസി തയ്യാറാക്കിയിട്ടുള്ള അവകാശം പോർട്ടലിലൂടെ അപ്പപ്പോൾ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യാൻ കഴിയും. സംസ്ഥാനത്താകമാനം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് കൃത്യതയോടെയും ആത്മാർഥതയോടെയുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് വീട്ടിൽ വോട്ട് പൂർത്തീകരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തപാല്‍വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ 23 വരെ തുടരും

ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ 23 വരെ തുടരുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്റ്റര്‍ വി.ആർ.കൃഷ്ണതേജ അറിയിച്ചു. സ്വന്തം പാര്‍ലമെന്‍ററി മണ്ഡലത്തിന്‍റെ പുറത്ത് പോളിങ് ഡ്യൂട്ടി ലഭിച്ച ഫോം 12ല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കാണ് വോട്ട്‌ ചെയ്യാന്‍ അവസരം.

ജില്ലയിലെ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ക്കും 22, 23 തീയതികളിലായി തുടര്‍ പരിശീലനം സംഘടിപ്പിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ സംശയ ദുരീകരണത്തിലും പൊതുവായി കണ്ടുവരുന്ന തെറ്റുകള്‍ ഒഴിവാക്കുന്നതിനുമാണ് തുടര്‍ പരിശീലനം നടത്തുന്നതെന്ന് കലക്റ്റര്‍ അറിയിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ