കൊച്ചി: ഇന്ത്യയിൽ അവയവ കച്ചവടത്തിന്‍റെ പ്രധാന ഏജന്‍റ് ഹൈദരാബാദിലെ ഒരു ഡോക്ടറെന്ന് പ്രതി സാബിത് നാസറിന്‍റെ മൊഴി. അവയവ കച്ചവട കേസിൽ അറസ്റ്റിലായ സാബിത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് ഹൈദരാബാദിലുള്ള ഒരു ഡോക്ടറെക്കുറിച്ചുള്ള വിവരം. ഇയാളെ താൻ കണ്ടിട്ടില്ലെന്നും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
അറസ്റ്റിലായ സാബിത്തിന് നാല് പാസ്‌പോർട്ടുകൾ ഉണ്ടായിരുന്നു എന്നും തൃശ്ശൂർ കേന്ദ്രീകരിച്ച് ഇയാൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നും പൊലീസ് കണ്ടെത്തി. അവയവ കച്ചവടം നടത്തിയ ശേഷം ഈ അക്കൗണ്ടുകളിലൂടെയാണ് ഇയാൾക്ക് പണം ലഭിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവയവ കച്ചവടത്തിൽ സാബിത്തിന് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സാബിത്തിന് നാല് പാസ്‌പോർട്ടുകൾ ഉണ്ടോ എന്നും ഇത് നാലും വ്യാജമാണോ എന്നത് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. സാബിത്തിന്‍റെ ബാങ്ക് എക്കൗണ്ടുകളിലേക്കാണ് ഇയാളുടെ സുഹൃത്തുക്കൾ അവയവ കച്ചവടത്തിന്‍റെ പണം കൈമാറിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസ് നിരീക്ഷണത്തിൽ നിലനിർത്തിയിരിക്കുകയാണ്. സാബിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം ഇവരെയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.
സാബിത്ത് നാസറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. അങ്കമാലി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.