മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ഡോക്‌ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതാക്കുറവുണ്ടായതായി കണ്ടെത്തി. ഇതിനെ തുടർന്ന് ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍റ് ചെയ്തു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയത്. വാർഡ് നഴ്സിനും ഡ്യൂട്ടി ഡോക്ടർക്കും ജാഗ്രതക്കുറവുണ്ടായെന്നും കണ്ടെത്തി.
പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരോഗ്യ പ്രശ്നങ്ങളോടെ പൊന്നാനി മാതൃശിശു ആശുപത്രിയിൽ എത്തിയത്. തുടർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരം രക്തം നൽകിയപ്പോൾ വിറയൽ അനുഭവപ്പെട്ടത്തോടെ പരിശോധിച്ചപ്പോഴാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി നെഗറ്റീവ് രക്തം നൽകിയതെന്ന് തിരിച്ചറിയുന്നത്. യുവതിയെ ഉടന്‍ വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. നിലവിൽ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധിക്രതർ അറിയിച്ചു.