അതിജീവിതമാരെ അവഹേളിച്ചാൽ നടപടി വേണം: മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം 
Kerala

അതിജീവിതമാരെ അവഹേളിച്ചാൽ നടപടി വേണം: മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമയുടെ അധ്യക്ഷതയിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീപക്ഷ കൂട്ടായ്മ നിവേദനം നൽകി.

ലൈംഗിക പീഡനങ്ങളും തൊഴിൽ ചൂഷണങ്ങളും തുറന്നു പറയാൻ സിനിമാ മേഖലയിലെ പല സ്ത്രീകളും സധൈര്യം മുന്നോട്ടു വന്നു എന്നതാണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളിൽ ഏറ്റവും ശക്തമായതെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിജീവിതമാർ, അവർ അനുഭവിച്ച അതിക്രൂരമായ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ, സൈബറിടങ്ങളിലും പ്രിന്‍റ് - ദൃശ്യ മാധ്യമങ്ങളിലുമടക്കം അവർക്കെതിരെ ഹീനമായ വ്യക്തിഹത്യ നടക്കുന്നതിലുള്ള പ്രതിഷേധവും അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

സിനിമ - സാഹിത്യ - സാംസ്കാരിക - മാധ്യമ - സാമൂഹിക - രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന 150 പേരാണ് നിവേദനത്തിൽ ഒപ്പുവച്ചിട്ടുള്ളത്. കെ. അജിത, സാറ ജോസഫ്, കെ.ആർ. മീര, ജിയോ ബേബി, അശോകൻ ചരുവിൽ, ബെന്യാമിൻ, വി.കെ. ജോസഫ്, എം.എൻ. കാരശ്ശേരി, സച്ചിദാനന്ദൻ, കെ.കെ. രമ എംഎൽഎ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

പല പേരുകളിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പേജുകളിൽ നിന്ന്, അതിജീവിതമാരെ അപമാനിക്കാൻ ഒരേ തരത്തിലുള്ള ഉള്ളടക്കമാണ് പുറത്തു വരുന്നത്. ഇത് ബോധപൂർവവും സംഘടിതവുമായ ആക്രമണമാണെന്നും ഇവർ പറയുന്നു. ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുക എന്നത്, സ്ത്രീ നീതി പോരാട്ടങ്ങൾക്ക് ഊർജം പകരാൻ അത്യാവശ്യമാണ്.

അതിജീവിതമാരെ താറടിച്ച്, കല്ലേറു നടത്തുന്നവരില്‍ സ്ത്രീ-പുരുഷ ഭേദമില്ല. സ്വാനുഭവം തുറന്നു പറയാൻ ധൈര്യം കാട്ടിയവരെ വീണ്ടും വീണ്ടും മുറിവേല്‍പ്പിക്കുകയാണവർ. മറ്റു ചിലരാകട്ടെ ഈ വെളിപ്പെടുത്തലുകൾ വിനോദ വ്യവസായത്തെ തുലച്ചു എന്ന് മുറവിളികൂട്ടുന്നു. അതിജീവിതമാരല്ല സ്ത്രീ പീഡകരാണ് സിനിമാ വ്യവസായത്തിന് കളങ്കമുണ്ടാക്കിയതെന്ന ഉത്തമ ബോധ്യം തങ്ങൾക്കുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കുന്നു.

ഒമ്പതിന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്:

  1. അതിജീവിതമാരുടെ പരാതികൾ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.

  2. സൈബർ ആക്രമണങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണം. കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം.

  3. വിനോദ വ്യവസായ രംഗത്തു ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പ്‌ വരുത്തുന്നതിനായി നിലവിലെ നിയമങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യത്തിൽ, ഈ രംഗത്ത് സമഗ്രമായ നിയമവും, പരാതി നിർവഹണത്തിനായി പ്രത്യേക ട്രിബൂണലും അടിയന്തിരമായി നിലവിൽ വരുത്തണം .

  4. പരാതിക്കാർക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകാനുള്ള സമഗ്രമായ സർക്കാർ സംവിധാനം സ്ഥാപിക്കണം.

  5. തൊഴിലിടങ്ങളിൽ ചൂഷകരുടെ താത്പര്യങ്ങൾക്ക് വഴങ്ങാൻ തയ്യാറാവാത്തതുമൂലം തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അടിയന്തിര നടപടി വേണം.

  6. എല്ലാ സിനിമാ സെറ്റുകളിലും ഇന്‍റേണൽ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനുള്ള മോണിറ്ററിങ് സംവിധാനം വേണം. നിലവിൽ മോണിറ്ററിംഗ് സംവിധാനമുണ്ടെങ്കിൽ അതു കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.

  7. നീതിക്ക് വേണ്ടി പോരാടുന്നവർക്ക് സർക്കാരിന്‍റെ സംമ്പൂർണ്ണ പിന്തുണ ഉറപ്പുവരുത്തണം.

  8. ചൂഷണരഹിതവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഉറപ്പ് വരുത്താനുള്ള നയപരമായ തീരുമാനങ്ങളുണ്ടാവണം, അവ എത്രയും വേഗം നടപ്പിലാക്കുകയും വേണം.

  9. മേൽപറഞ്ഞിരിക്കുന്ന ആവശ്യങ്ങൾ അടിയന്തിരമായി പരിഗണിച്ചുകൊണ്ട്, നിർഭയവും സ്വതന്ത്രവുമായി തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കണം.

ഹെൻറിച്ച് ക്ലാസനും അഭിഷേക് ശർമയും എസ്ആർഎച്ചിൽ തുടരും

സംസ്ഥാനത്ത് രൂക്ഷമായ കടൽക്ഷോഭം, വീടുകളിൽ വെള്ളം കയറി; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം

ഇന്ത്യ - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്: ആദ്യ ദിനം മഴയെടുത്തു

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത വിദ‍്യാർഥിക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചു; രണ്ടുപേർ പിടിയിൽ

പിഡിപി നേതാവ് മദനിയുടെ ആരോഗ‍്യനിലയിൽ പുരോഗതി