തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ വ്യാജമെന്നും താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നും നടൻ ജയസൂര്യ. ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ല. കണ്ടുപരിചയമേ ഉള്ളെന്നും ജയസൂര്യ ആവർത്തിച്ചു. തിരുവനന്തപുരത്ത് ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ.
2008 ൽ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടേറിയേറ്റിൽ ഷൂട്ടിങ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിങ്. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നുവെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു.
ഇതോടൊപ്പം, 2013 ൽ തൊടുപുഴയിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. കൂടാതെ അത് തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ.
തനിക്കെതിരെയുള്ള ആപോരണങ്ങൾ വ്യാജമാണെന്ന് തെളിയും വരെ നിയമപോരാട്ടം നടത്തും. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താന്‍. അന്വേഷണവുമായി സഹകരിക്കുന്നുവെന്നും തന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.
2008ൽ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ലൈംഗികാതിക്രമകേസിൽ ഹൈക്കോടതി നേരത്തെ ജയസൂര്യക്ക് ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.