എം. ആർ. അജിത്കുമാർ 
Kerala

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

തിരുവനന്തപുരം: എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിക്കയറുന്നതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബുമായി രാത്രി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അന്വേഷണ വിവരങ്ങള്‍ ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ചര്‍ച്ച ആരംഭിച്ചതിന് ശേഷം ക്രൈംബ്രാഞ്ച് ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷിനേയും ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് ക്രൈം ബ്രാഞ്ച് എഡിജിപിയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. അജിത് കുമാര്‍ രണ്ട് തവണ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്നതില്‍ വിമര്‍ശനം ശക്തമായതോടെയാണ് ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്. ഇതിനെതിരേ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിപിഐയും വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രിയും ഡിജിപിയും ചര്‍ച്ച നടത്തിയതായാണു വിവരം.

അതേസമയം ആര്‍എസ്എസ് നേതാവിനെ കണ്ടു ചര്‍ച്ച നടത്തി എന്ന കാരണത്തില്‍ അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ല. ആര്‍എസ്എസ് രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയല്ല. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 9ന് പഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം നീക്കിയിരുന്നു. അജിത് കുമാര്‍ കേന്ദ്രസര്‍ക്കാരിനു കീഴിലെ ജീവനക്കാരനാണ്. സിപിഎം ഭരിക്കുമ്പോള്‍ രാഷ്ട്രീയ വിരുദ്ധ ചേരിയിലുള്ള സംഘടനയിലെ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ചര്‍ച്ച നടത്തിയതിന്‍റെ പേരിലാണു വിവാദം പുകയുന്നത്.

ഇതിന്‍റെ പേരില്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ നിയമപരമായി കഴിയില്ല. സ്ഥാനത്തുനിന്ന് മാറ്റാം. അതേസമയം അജിത്കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്ന മറ്റു ഗുരുതര ആരോപണങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യുകയോ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി അപ്രധാന തസ്തികയില്‍ നിയമിക്കുകയോ ചെയ്യാം. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അതിന് തയാറായിട്ടില്ലെന്നതാണു ശ്രദ്ധേയം.

ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടും അജിത്കുമാറിനെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുത്തിരുന്നില്ല. അതേസമയം കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയാകാമെന്നതിനാലണു നടപടിയില്ലാത്തതെന്നാണു ആരോപണം.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം