Kerala

ആലപ്പുഴയിലെ കനൽത്തരി കെസി കെടുത്തുമോ അതോ ആളിക്കത്തുമോ?

ആലപ്പുഴ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു കേരളത്തിൽനിന്നു ജയിപ്പിക്കാനായത് ഒരേയൊരു സ്ഥാനാർഥിയെയാണ്. ആലപ്പുഴയിൽ എം.എം. ആരിഫിനെ. അങ്ങനെ പ്രശസ്തി ഏറിയതാണ് 'കനൽ ഒരു തരി മതി' എന്ന വിശേഷണത്തിന്. ഇക്കുറി ഈ കനൽത്തരി കൂടുതൽ കരുത്തോടെ ആളിപ്പടരുമോ അതോ ശക്തനായ എതിർ സ്ഥാനാർഥി കെടുത്തിക്കളയുമോ എന്ന കാര്യം പ്രവചനാതീതം.

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ നേരിട്ടെത്തിയിരിക്കുന്നത് ആലപ്പുഴയിലെ സിപിഎമ്മിന്‍റെ കനൽത്തരി കെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.

കഴിഞ്ഞ തവണ അവസാന നിമിഷം ഭാരവാഹിത്വത്തില്‍ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കെസി ഒഴിഞ്ഞപ്പോഴാണ് ഷാനിമോള്‍ ഉസ്മാനെ കോൺഗ്രസ് ആലപ്പുഴയിൽ മത്സരിപ്പിക്കുന്നത്. എന്നാൽ, ഇക്കുറി അത്തരം പരീക്ഷണങ്ങൾക്കൊന്നും പാർട്ടി തയാറല്ല. മണ്ഡലത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍, ശക്തമായ ഇടതുപക്ഷ പിന്തുണയുള്ള മേഖലകള്‍ ഉണ്ടായിട്ട് കൂടി ഇവിടെ കോൺഗ്രസ് സ്ഥാനാർഥികള്‍ തന്നെയാണ് ഒരുപടി മുന്നിലെത്തിയിട്ടുള്ളത്. സിറ്റിങ് എംപിക്കു ശക്തനായ എതിരാളി എന്നതിലുപരി ആലപ്പുഴയിലെ മുന്‍ എംപി കൂടിയാണ് കെ.സി. വേണുഗോപാല്‍.

അതേസമയം, കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തില്‍ 19 മണ്ഡലങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണിട്ടും ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ച മണ്ഡലം എന്നതാണ് എ.എം. ആരിഫിന് ഇവിടെ ആശ്വാസമാകുന്ന വസ്തുത. സിറ്റിങ് എംപി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയെന്നാണ് ഇടതുകേന്ദ്രങ്ങളും ആരിഫും വിലയിരുത്തുന്നത്. ഇത് വോട്ടായി മാറ്റാനുള്ള ശ്രമവും അവര്‍ നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു.

എന്നാല്‍, ആലപ്പുഴയില്‍ കാലങ്ങളായി തുടരുന്ന വിഭാഗീയത ഒരുപരിധി വരെ അവിടെ സിപിഎമ്മിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. ജി. സുധാകരനെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തിറങ്ങിയാലേ ആശിച്ച ഫലം കിട്ടൂ എന്ന തിരിച്ചറിവിലാണ് പാര്‍ട്ടിയും.

ശോഭ സുരേന്ദ്രനാണ് ഇവിടെ ബിജെപി സ്ഥാനാർഥി. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ട് വിഹിതം ഉയർത്തുക എന്നതായിരിക്കും അവരുടെ ലക്ഷ്യം. ജാതി വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് ജില്ലയ്ക്കു പുറത്തുനിന്നുള്ള ശോഭയെ ഇവിടെ രംഗത്തിറക്കിയിരിക്കുന്നതെന്ന വാദവും ശക്തമാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ