അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 96 കോടി രൂപയുടെ വ്യാജ ലോൺ കൊടുത്ത് നിക്ഷേപകരെ വഞ്ചിച്ചവർക്കെതിരെ ഉടനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ED) അന്വേഷണം നടത്തുമെന്ന് ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് സഹകാരികളുടെയും നിക്ഷേപകരുടെയും നിരവധി പരാതികൾ ഉൾപ്പെടെ ഡൽഹിയിൽ എൻഫോഴ്സ്മെസ്മെന്‍റ് ഡയറക്റ്റർക്കും ഇൻകം ടാക്സ് അധികാരികൾക്കും കേന്ദ്ര മന്ത്രിമാർക്കും കൈമാറിയിട്ടുണ്ടെന്നും, ബിജെപി അങ്കമാലി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നേരിട്ടെത്തിയാണ് പരാതി ബോധിപ്പിച്ചതെന്നും ഇവർ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനുള്ള ഉത്തരവായിട്ടുണ്ടെന്ന് ബിജെപി നിയോജകമണ്ഡഡലം പ്രസിഡന്‍റ് എൻ. മനോജ്, കൗൺസിലർമാരായ എ.വി. രഘു, സന്ദീപ് ശങ്കർ, രാഗുൽ പാറക്കടവ്, സേവ് അർബൻ ഫോറം പ്രസിഡന്‍റ് ഷാജു വർഗീസ് എന്നിവർ വ്യക്തമാക്കി. നിക്ഷേപകരുടെ മുഴുവൻ തുകയും കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും ഭാരവാഹികൾ. നാമമാത്രമായ പ്രതികളുടെ പേരിൽ കേസെടുത്ത് യഥാർഥ പ്രതികളെ രക്ഷപെടാൻ സിപിഎമ്മും കോൺഗ്രസും അവസരമൊരുക്കുകയാണന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
വ്യാജ ലോൺ തരപ്പെടുത്തിയവരുടെയും വായ്പ തുക തിരിച്ചടയ്ക്കാത്തവരുടെയും പേരിൽ ക്രിമിനാലായും സിവിലായും നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഘത്തിൽ നിന്ന് വ്യാജ വായ്പ എടുത്തവരുടെ സ്വത്തുക്കൾ കണ്ട് കെട്ടി ലേലം ചെയ്യേണ്ടതാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം.
മരണമടഞ്ഞ മുൻ പ്രസിഡന്‍റും ചില ഭരണ സമിതി അംഗങ്ങളും ചേർന്ന് സംഘത്തിലെ നിക്ഷേപകരുടെ പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്‍റെ രേഖകൾ ഇ.ഡി.യ്ക്ക് കൈമാറിയിട്ടുണ്ട്. സ്ഥലങ്ങൾ ആധാരം ചെയ്ത് നൽകാതെ പകരം ഈ സ്ഥലങ്ങൾ തന്നെ ഈ സംഘത്തിൽത്തന്നെ ഈട് നൽകി വീണ്ടും ലോൺ ആക്കി സംഘത്തെ വീണ്ടും വഞ്ചിച്ചിരിക്കുകയാണ്. ഈക്കുട്ടർ രജിസ്ട്രേഷൻ ഫീസിൽ നിന്നുo ഇൻകം ടാക്സിൽ നിന്നും രക്ഷപെടാൻ നടത്തിയ ഈ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇത്തരക്കാരുടെ പേരു വിവരങ്ങളും ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി