കൊച്ചി: മുകേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകള്‍ ആണെന്നും മുന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി മത്സരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് ആരോപണ വിധേയയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്നും അനില്‍ അക്കരയുടെ പരാതിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ് അടക്കം നഷ്ടപ്പെട്ട വിഷയത്തില്‍ ആരോപണ വിധേയായ എറണാകുളം സ്പെഷ്യല്‍ ജഡ്ജ് ഹണി എം. വര്‍ഗീസ് ആണ് ഇപ്പോള്‍ മുകേഷ് എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ഹര്‍ജി പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചതും. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്‍റെ മകളും പണഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥിയുമായിരുന്ന ജഡ്ജ് ഹണി എം. വര്‍ഗീസ് ഈ കേസില്‍ വാദം കേള്‍ക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും നീതിപൂര്‍വമാകില്ല.
ആയതിനാല്‍ ഈ കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റി നീതിപൂര്‍വമായി ഉത്തരവ് ഉണ്ടാകാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് അനില്‍ അക്കരയുടെ പരാതിയില്‍ പറയുന്നു