ആലപ്പുഴ: ജില്ലയിലെ സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ആലപ്പുഴ ഏരിയ കമ്മറ്റി അംഗത്തിനെതിരേ പരാതി നൽകിയത്. രണ്ടുമാസം മുമ്പാണു സംഭവം. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയാറായില്ല. തുടർന്ന് പാർട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം. നീതി കിട്ടിയില്ലെങ്കിൽ പൊലീസിനെയും വനിതാ കമ്മിഷനെയും സമീപിക്കാനും അവർ ആലോചിക്കുന്നതായി സൂചനയുണ്ട്.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. "വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാമെന്ന് ' പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. "ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ വരാം, സമയം അറിയിച്ചാൽ മതി' എന്നു പറഞ്ഞതായും തുമ്പോളി ലോക്കൽ കമ്മറ്റിയംഗം പരാതിയിൽ അറിയിച്ചു.
രണ്ടു മാസം മുമ്പ് ആലപ്പുഴ നോര്‍ത്ത് ഏരിയ സെക്രട്ടറിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്കിയപ്പോള് ഭീഷണിപ്പെടുത്തിയെന്നും, പരാതി നല്‍കരുതെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടെന്നും അവർ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച വീണ്ടും പരാതിയുമായി യുവതി ആലപ്പുഴയിലെ ജില്ലാ കമ്മിറ്റിയെ സമീപിച്ചു. എന്നാല്‍, ഏരിയ സെക്രട്ടറി പരാതിയുമായി മുന്നോട്ടുപോകരുതെന്നും പ്രാദേശികമായി എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ പരിഹരിക്കാമെന്നുമാണ് മറുപടി ലഭിച്ചത്. ഒരു മുതിർന്ന നേതാവ് തന്നെ മടക്കിയയച്ചു. പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നു യുവതി പറയുന്നു.
എന്നാല്‍ പരാതിക്കാരിക്കെതിരേ ഒരു വിഭാഗം വിമര്‍ശനവുമായെത്തി. പരാതിയില്‍ കഴമ്പില്ലെന്നും പാർട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കായി നേതാവിനെ അധിക്ഷേപിക്കാനായാണ് പരാതിയെന്നും അവർ ആരോപിക്കുന്നു. വിഭാഗീയതയുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികൾ പിരിച്ചു വിട്ടശേഷം നിലവിൽ ഒരു അഡ്ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. ആരോപണ വിധേയനായ നേതാവ് ഈ കമ്മറ്റിയിൽ അംഗമാണ്.