ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ ഞായറാഴ്‌ച ആരംഭിക്കും. എഴുപത്തിരണ്ടു നാളുകളില്‍ ആറന്‍മുളയും ക്ഷേത്ര പരിസരവും ഭക്തിയുടേയും വിശ്വാസത്തിൻ്റെയും വഞ്ചിപ്പാട്ടിന്‍റെയും നിറ സാന്നിധ്യംകൊണ്ട് പൂര്‍ണമാകുന്നു.
അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധത്താല്‍ ആറന്‍മുള നിറയുന്ന വളള സദ്യയുടെ ഉദ്ഘാടനം എന്‍ എസ് എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്ത ഗോപന്‍, മെമ്പര്‍മാരായ എസ്.എസ്. ജീവന്‍, സുന്ദരേശന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കന്മാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11.30 ന് വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് സദ്യ ഭഗവാന് സമര്‍പ്പിക്കുന്നതോടു കൂടി ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കമാവും. പത്തു വള്ളസദ്യകള്‍ ഞായറാഴ്‌ച നടക്കും. പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള വള്ളസദ്യ പാഞ്ചജന്യത്തില്‍ നടക്കും.
വള്ള സദ്യകള്‍ക്ക് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജന്‍. സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള, വൈസ് പ്രസിഡന്‍റ് സുരേഷ് വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍, ഫുഡ് കമ്മറ്റി, നിര്‍വഹണ സമിതി, ആറന്‍മുള ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. പ്രകാശ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വള്ളസദ്യകളിലെ തിരക്ക് പാസു മൂലം നിയന്ത്രിക്കും.