കുമളി: മണിക്കൂറുകൾ നീണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചതായി വനംവകുപ്പ്. പത്തോളം ഇടങ്ങളിൽ നിന്നായാണ് സിഗ്നൽ ലഭിച്ചത്. പെരിയാർ ടൈഗർ റിസർവ് വന മേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പന്‍റെ റേഡിയോകോളറിൽ നിന്നുള്ള സിഗ്നൽ മണിക്കൂറുകളോളമായി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. മോശം കാലാവസ്ഥയാകാം സിഗ്നൽ നഷ്ടപ്പെട്ടതിനുള്ള കാരണമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.
അരിക്കൊമ്പനെ പെരിയാറിൽ തുറന്നു വിട്ടതിനു ശേഷം ഓരോ മണിക്കൂർ ഇടവിട്ട് അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. ആനയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ആനയുടെ നീക്കങ്ങൾ പരിശോധിക്കാൻ തമിഴ്നാട് വനം വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. 18 കിലോമീറ്റൽ സഞ്ചരിച്ച് തമിഴ്നാട് വനമേഖലയിൽ പ്രവേശിച്ച ആന തിങ്കളാഴ്ച വൈകിട്ടോടെ പെരിയാറിലേക്ക് തിരിച്ചു വരുന്നതായും സിഗ്നലിൽ നിന്നു വ്യക്തമായിരുന്നു. അരിക്കൊമ്പന്‍റെ ഇതു വരെയുള്ള നീക്കങ്ങൾ പരിശോധിച്ചതിൽ നിന്ന് ആന പരിപൂർണ ആരോഗ്യവാനാണെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്.