ചെന്നൈ: തിരുനെൽവേലിക്കടുത്ത് കോതയാർ വനത്തില്‍ കഴിയുന്ന അരിക്കൊമ്പന്റെ വീഡിയൊ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. സംസ്ഥാന വനം - പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ അരിക്കൊമ്പന്റെ വീഡിയൊ ജനങ്ങളിലെത്തിച്ചത്. ഇതൊടൊപ്പം, അരിക്കൊമ്പനു സമീപമുള്ള ഒരു ആനക്കൂട്ടത്തിന്റെ ചിത്രവുമുണ്ട്.
കഴിഞ്ഞ 20 ദിവസമായി കോതയാര്‍ ഡാമിനു സമീപമുള്ള കാട്ടില്‍ അരിക്കൊമ്പന് തുടരുകയാണ്. ആന ആ പ്രദേശവുമായി ഇണങ്ങിത്തുടങ്ങിയെന്നാണു വിലയിരുത്തൽ. ഇതോടെ ആന കേരളത്തിലേക്കോ തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിലോക്കോ കടക്കുമോ എന്ന ആശങ്ക കുറഞ്ഞു.
ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. ഇതേ സ്ഥലത്ത് മറ്റ് ആനകളും ആനക്കൂട്ടങ്ങളുമുണ്ട്. പക്ഷേ, അവരുമായി കൂട്ടുകൂടാൻ അരിക്കൊമ്പന് ഇതുവരെ തയറായിട്ടില്ല. മറ്റ് ആനകളുമായി പ്രശ്നങ്ങളുമുണ്ടായിട്ടില്ല. തുമ്പിക്കൈയിലുണ്ടായിരുന്ന പരുക്ക് ഉണങ്ങിയെന്നാണു വനം വാച്ചര്‍മാര്‍ പറയുന്നത്. കാലിനുണ്ടായിരുന്ന പരുക്കും ഭേദമായി എന്നാണു വിലയിരുത്തൽ.
നിലവില്‍ ആന ആരോഗ്യവാനാണെന്നും കുപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും സുപ്രിയ സാഹു പറഞ്ഞു. കൃത്യമായ വിവരങ്ങൾ തമിഴ്നാട് സർക്കാരിന്റെ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്നു ലഭിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
അരിക്കൊമ്പന് ഏതെങ്കിലും ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. കോതയാറില്‍ നിന്ന് ഏറ്റവും അടുത്തുള്ള കേരളത്തിലെ നെയ്യാര്‍ പേപ്പാറ അഗസ്ത്യകൂടം വനമേഖലകളിലേക്ക് അരിക്കൊമ്പൻ എത്തുമോ എന്ന ചോദ്യത്തിന്, സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധരും വനം ഉദ്യോഗസ്ഥരും നല്കുന്ന മറുപടി.