അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ തെരയാനായി ഉഡുപ്പിയിലെ മാൽപെയിൽ നിന്നെത്തിയ പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ കൂട്ടായ്മയായ ഈശ്വർ മാൽപെ സംഘം. എട്ടു പേരാണ് സംഘത്തിലുള്ളത്. തെരച്ചിലിനായുള്ള ഉപകരണങ്ങളുമായി ഇവർ ഷിരൂരിലെത്തി. എസ്പിയും ഡിവൈഎസ്പിയും ഇടപെട്ടതിനെത്തുടർന്നാണ് സംഘം എത്തിയിരിക്കുന്നതെന്ന് സംഘത്തലവൻ ഈശ്വർ മാൽപെ മാധ്യമങ്ങോട് പറഞ്ഞു. ഇതിനു മുൻപും സംഘം ഗംഗാവാലി പുഴയിൽ തെരച്ചിൽ നടത്തിയിട്ടുണ്ട്.
വെള്ളത്തിൽ നൂറടി താഴെ വര പോയി തെരച്ചിൽ നടത്തുകയും മൃതശരീരങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഘം പറയുന്നു. സിഗ്നൽ ലഭിച്ച പ്രദേശമെല്ലാം പരിശോധിക്കാനാണ് തീരുമാനം.
പുഴയിലെ ശക്തമായ അടിയൊഴുക്കു കാരണം നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് പുഴയിൽ ഇറങ്ങാൻ ഇതു വരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സഹായം തേടുന്നത്.