Assembly session to resume today 
Kerala

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

ഇന്നു മുതല്‍ 15 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും.

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിനത്തോടെ താത്കാലികമായി പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഇന്നു മുതല്‍ 15 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് എൽഡിഎഫിനുള്ളില്‍ നിന്നു തന്നെ ഉയര്‍ന്ന അതൃപ്തിയും വന്യജീവി ആക്രമണവും എൻ.കെ പ്രമചന്ദ്രൻ എംപിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയായിരിക്കെ ഭരണ-പ്രതിപക്ഷപോര് കടുക്കുമെന്നാണ് വിലയിരുത്തൽ.

സിപിഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ, റവന്യു, മൃഗസംരക്ഷണം വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞത് സംബന്ധിച്ച് ചര്‍ച്ചയില്‍ സംസാരിക്കുന്ന സിപിഐ എംഎല്‍എമാര്‍ പരാമര്‍ശം നടത്താന്‍ സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പരസ്യപ്രതികരണം പാടില്ലെന്നാണ് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ സിപിഐ മന്ത്രിമാരുടെ പരിഭവം തീര്‍ക്കുന്ന പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയേക്കും. വയനാട്ടിലടക്കം പതിവായ വന്യജീവി ആക്രമണവും സഭയില്‍ സജീവ ചര്‍ച്ചയാകും. വിഷയം ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

സർക്കാരിനെതിരായ ആരോപണങ്ങൾക്ക് പ്രതിരോധമൊരുക്കാൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ.കെ പ്രേമചന്ദ്രൻ എംപിയുമായി ബന്ധപ്പെട്ട വിവാദം തന്നെയാകും ഭരണ പക്ഷം മുന്നോട്ട് വയ്ക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയും ഇന്നുള്ളതിനാല്‍ യാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് അവതരണം കഴിഞ്ഞ് തിരികെ പ്രക്ഷോഭയാത്രയിലേക്ക് മടങ്ങും. നാല് മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ 15ന് പിരിയും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം ഈ മാസം 15വരെയാക്കി ചുരുക്കിയത്.

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്