Kerala

അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസാക്കി: മന്ത്രി ആർ ബിന്ദു

നിലവിൽ ഇവിടെയെല്ലാം 40 വയസാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലും സർക്കാർ / എയ്ഡഡ് കോളെജുകളിലും അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.

ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്‍റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നത്. സർക്കാർ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളെജുകളിലും, ട്രെയിനിംഗ് കോളെജുകളിലും, ലോ കോളെജുകളിലും, സംസ്‌കൃത കോളെജുകളിലും, അറബിക് കോളെജുകളിലും, വിവിധ സർവ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് 50 ആയി നിശ്ചയിച്ച് ഉത്തരവായത്.

നിലവിൽ ഇവിടെയെല്ലാം 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്‌ക്കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളെജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും കോളെജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്‍റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം.

ഉത്തരവനുസരിച്ച് കൊളീജിയറ്റ് എഡ്യൂക്കേഷൻ സ്‌പെഷ്യൽ റൂൾസിൽ ഉചിതമായ ഭേദഗതികൾ വരുത്തും. സർവ്വകലാശാല സ്റ്റാറ്റിയൂട്ടുകളിൽ ആവശ്യമായ ഭേദഗതി അതാത് സർവ്വകലാശാലകൾ വരുത്തും. സർവ്വകലാശാലകളിലെ അസ്സോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണ്ണമായും ഒഴിവാക്കാൻ യുജിസി ചട്ടങ്ങൾക്കനുസരിച്ച് സർവ്വകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ നടപടികളെടുക്കണമെന്ന് സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് സർവ്വകലാശാലകളിലുംകോളെജുകളിലും പിഎച്ച്ഡി യും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കാറ്. എന്നാൽ ഈ ഉയർന്ന ബിരുദങ്ങൾ നേടാൻ കൂടുതൽ സമയം വേണ്ടതിനാൽ നിലവിലെ പ്രായപരിധി ഇവർക്ക് നിയമനത്തിന് അപേക്ഷിക്കാൻ അവസരം നഷ്ടപ്പെടുന്നു. ഇക്കാരണത്താൽ ഉയർന്ന ബിരുദമുള്ളവർക്ക് അധ്യാപന ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. വിദേശ സർവ്വകലാശാലകളിൽ ഗവേഷകരായ മികച്ച യോഗ്യതയുള്ളവരെ കേരളത്തിലേയ്ക്ക് ആകർഷിക്കാൻ നിയമന പ്രായപരിധി മാറ്റുന്നത് സഹായകമാകും. വനിതാ ഉദ്യോഗാർത്ഥികൾക്ക് നിലവിലെ സാഹചര്യത്തിൽ ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കാനാകാതെ കോളെജ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ഇതോടെ മാറുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും എൻഡിഎയ്ക്കു മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌

ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാത്ത എന്ത് നഗരമാണിത്; വിമർശനവുമായി ഹൈക്കോടതി

ഇനി കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട; ശബരിമലയിൽ കുട്ടികൾക്ക് കൂടുതൽ ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്

പാലക്കാട് 70 ശതമാനം കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

ആന്‍റിബയോട്ടിക് ഉപയോഗത്തിൽ 30 ശതമാനം കുറവ്