#സച്ചിൻ വള്ളിക്കാട്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജായഥയുടെ തൃശൂരിലെ സ്വീകരണ യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെത്തി. തേക്കിൻകാട് മൈതാനത്തു നടന്ന യോഗത്തിൽ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും പ്രശംസിച്ചുമാണു പ്രസംഗിച്ചത്. കഴിഞ്ഞമാസം 18നു ജാഥ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ജയരാജൻ അതിൽ പങ്കെടുക്കുന്നത്.
പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാനാണ് കോൺഗ്രസും ബിജെപിയും വർഗീയ ശക്തികളും ശ്രമിക്കുന്നത്. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. പ്രതിപക്ഷ നേതാവ് ഒരു കാര്യം ഓർക്കുക, കരിങ്കൊടിയുടെ പേരിൽ മുഖ്യമന്ത്രിയെ അക്രമിച്ചാൽ നോക്കിനിൽക്കില്ല. കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമണത്തിന് തുനിഞ്ഞാല്‍ തെരുവിൽ നേരിടും. മുടി ബോബ് ചെയ്ത്, കറുത്ത ഷർട്ടിട്ട്, കരിങ്കാടിയുമായി, കല്ല് തുണിയിൽ കെട്ടി ആരു വന്നാലും നേരിടും. പിണറായിയെയും കുടുംബത്തെയും കളങ്കപ്പെടുത്താമെന്നു കരുതേണ്ടാ. ഇതു കേരളമാണ്.
നിയമസഭയിൽ ഒരു കുഴൽമാടൻ ഉണ്ട്. ഏത് കുഴൽമാടൻ ഇറങ്ങിയാലും കാര്യമില്ല. പിണറായി സർക്കാരിനെ നശിപ്പാക്കാൻ ശ്രമിച്ചാൽ കേരളം ഒറ്റക്കെട്ടായി എതിർക്കും- ജയരാജൻ പറഞ്ഞു.
ബിജെപിയും ആർഎസ്എസുമാണ് രാജ്യം ഭരിക്കുന്നത്. മതവിദ്വേഷം ഇളക്കിവിടുകയാണ് ആർഎസ്എസ് ചെയുന്നത്. ബ്രിട്ടീഷുകാരുടെ സംഘടനയാണ് ആർഎസ്എസ്. കോൺഗ്രസ് ജനവിശ്വാസത്തെ സംരക്ഷിക്കാത്തിനാലാണ് ആർഎസ്എസ് 2014ൽ രാജ്യത്ത് അധികാരത്തിലെത്തിയത്. 2024ൽ വീണ്ടും തെരഞ്ഞെടുപ്പ് വരികയാണ്. ബിജെപി- ആർഎസ്എസ് ജനങ്ങളെ മതത്തിന്റെ, ഭാഷയുടെ, ഗോവധ നിരോധനം, പൗരത്വ നിയമം, ലൗ ജിഹാദ്, കശ്മീർ, ഭാഷാ വിഭജനം എന്നിവയുടെപേരിൽ ഭിന്നിപ്പിച്ച് അധികാരം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്- ജയരാജൻ പറഞ്ഞു.
എം.വി. ഗോവിന്ദൻ, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു, എം. സ്വരാജ്, കെ.ടി. ജലീൽ, ജയ്ക് സി. തോമസ്, എ.സി. മൊയ്തീൻ, എൻ.ആർ. ബാലൻ, ബേബിജോൺ, എം.എം. വർഗീസ്, എം.കെ. കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.