തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷയിൽ ഇളവു നൽകി ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ രണ്ടാം പ്രതിയും നിനോ മാത്യുവിന്‍റെ കാമുകിയുമായ അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. തുടർന്ന് അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി.
2014 ഏപ്രില്‍ 16 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.