കൊച്ചി: ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓർമ്മദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഡിസംബർ 7 ന് കേരളത്തിൽ എത്തിച്ചേരുമെന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്‍ററിൽ കൂടിയ സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രഡിഡന്‍റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.
പാത്രിയർക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ 40-ാം ഓർമദിനമായ ഡിസംബർ 9-ാം തീയതി പുത്തൻകുരിശ് സെന്‍റ് അത്തനേഷ്യസ് കത്തീഡ്രലിൽ കുർബ്ബാന അർപ്പിക്കുകയും, അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര ദയറായിൽ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ചിലവഴിക്കും. പിതാവിന്‍റെ ഇപ്രാവശ്യത്തെ അപ്പോസ്തോലിക സന്ദർശനത്തിൽ മറ്റ് ഔദ്യോഗിക പരിപാടികൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല.
സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെ സംബന്ധിച്ച് സഭയുടെ വർക്കിംഗ് കമ്മറ്റിയുടേയും മാനേജിംഗ് കമ്മറ്റിയുടേയും ശുപാർശകൾ എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് ഐക്യകണ്ഠേന അംഗീകരിച്ചു. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള മുനമ്പത്തെ ജനതയോടുള്ള ഐക്യദാർഡ്യം എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് പ്രഖ്യാപിച്ചു.
നീതി പൂർവ്വമായും, സംഘർഷ രഹിതമായും മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുവാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകൾ സത്വര നടപടികൾ കൈക്കൊള്ളണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു.
മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് പ്രസിഡന്‍റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച സുന്നഹദോസിൽ 21 മെത്രാപ്പോലീത്താമാർ പങ്കെടുത്തു.