തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. പരിശോധനയിൽ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് വ്യക്തമായി. കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് തെളിഞ്ഞത്.
'ഷീ സ്റ്റൈൽ' ബ്യൂട്ടി പാർലറിന്‍റെ ഉടമയായ ഷീലയിൽ നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് 12 എൽഎസ്ഡി സ്റ്റാംപ് എന്നു കരുതുന്ന വസ്തു പിടികൂടിയത്. ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടിപാർലർ ഉടമയെ അറസ്റ്റു ചെയ്തു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്. കടയിലെത്തുന്ന യുവതികളെ ലക്ഷ്യം വെച്ചാണ് സ്റ്റാംപുകൾ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെ, പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനക്കായി അയക്കുകയും ചെയ്തു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉടമയെ അറസ്റ്റ് ചെയ്ത് രണ്ടരമാസത്തോളം കഴിയുമ്പോഴാണ് ഇതു ലഹരി മരുന്നായിരുന്നില്ലെന്നു തെളിയുന്നത്. ഇതിനിടെ ഷീലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു.