വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാർ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി 
Kerala

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാർ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: സംസ്ഥാനത്തെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ കേന്ദ്ര പാലമെന്‍ററി ബോർഡ് പ്രഖ്യാപിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരിക്കും.

സംവരണ മണ്ഡലമായ ചേലക്കരയിൽ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറിയും തിരുവില്വാമല പഞ്ചായത്ത് അംഗവുമായ കെ. ബാലകൃഷ്ണൻ. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിന് പിറകിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2,51,778 വോട്ടാണ് അദ്ദേഹം നേടിയത്. രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടാണു പരാജയപ്പെട്ടത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്‍റ്, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി, 20 വർഷം പാലക്കാട് നഗരസഭാ കൗണ്‍സിലർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച സി. കൃഷ്ണകുമാറിന് മണ്ഡലത്തിലുള്ള ജനസമ്മതിയാണ് ബിജെപി നേതൃത്വം പരിഗണിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ഇടതു സ്ഥാനാർഥിയായി കോൺഗ്രസ് വിട്ടുവന്ന ഡോ. പി. സരിരും മത്സരിക്കുന്ന പാലക്കാട്ട് സി. കൃഷ്ണകുമാറിന്‍റെ സ്ഥാനാർഥിത്വം ശക്തമായ ത്രികോണ മത്സരത്തിന് വഴി തുറക്കുകയാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോകസഭാ സീറ്റിൽ സ്ഥാനാർഥിയാകുന്ന നവ്യ ഹരിദാസ് കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെന്‍ററി പാർട്ടി നേതാവുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായിരുന്നു. സോഫ്റ്റ്വെയർ എൻജിനീയറായ‌ നവ്യ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

പാലക്കാട് 'പൊള്ളൽ' തുടങ്ങി

അഞ്ചുദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം; നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്

വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; തൊടുപുഴ സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ

മഹാരാഷ്‌ട്ര ബിജെപി സഖ്യം സീറ്റ് ധാരണയിലേക്ക്; കോൺഗ്രസിൽ അനിശ്ചിതത്വം

പുഴുവരിച്ച് അൽഫാം മന്തി; കൊരട്ടിയിലെ മജ്‌ലിസ് ഹോട്ടൽ അടപ്പിച്ചു