തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും ബിജെപി മുന്നേറ്റം തുടരുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പതിമൂവായിരത്തിന് മുകളിലെ വോട്ടോടെ ലീഡ് നിലനിര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. ശശി തരൂർ നാലാമതും എംപിയായി എത്തുമെന്ന പ്രതീക്ഷയിൽ ആഘോഷത്തിനൊരുങ്ങിയിരിക്കുമ്പോഴാണ് രാജീവിന്‍റെ അപ്രതീക്ഷിത മുന്നേറ്റം. ശശി തരൂരും, രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുമ്പോൾ പന്ന്യ രവീന്ദ്രനെ ചിത്രത്തിൽ കാണാനേയില്ല.
യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയായി ഹാട്രിക് തികച്ച വിശ്വപൗരൻ ശശി തരൂരിനെ ഇത്തവണ മുട്ടുകുത്തിക്കുന്നതിന് തന്നെയാണ് സംരഭകനും വിവരസാങ്കതിക വിദ്യയുടെ മുൻനിര പ്രചാരകനുമായ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രിയെ തന്നെ എൻഡിഎ കളത്തിലിറക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ വോട്ടിങ് ശതമാനം പരിശോധിക്കുമ്പോൾ രണ്ടാമതായി ഫിനിഷ് ചെയ്യുന്ന എൻഡിഎ മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് തലസ്ഥാനത്ത് രാജീവം വിരിയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പിലുടനീളം പുലർത്തിയത്.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും 47,000 കടന്ന് ലീഡ് ചെയ്യുന്നുണ്ട്. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ ആദ്യ മണിക്കൂറില്‍ മുന്നിലെത്തിയെങ്കിലും പിന്നീട് പിന്നാലാവുകയും ചെയ്തു. ആലത്തൂരും ആറ്റിങ്ങലും ഒഴികെ മറ്റിടങ്ങളിലെല്ലാം യുഡിഎഫ് അനുകൂല തരംഗമാണ് അലയടിക്കുന്നത്.