#എം.ബി. സന്തോഷ്
തിരുവനന്തപുരം: ജനപിന്തുണയുള്ള ക്രിസ്ത്യൻ നേതാക്കളെ തേടി ബിജെപി. മുന്നണി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപി മുന്നണിയിലേക്കു പോകുന്നതിൽ ആശങ്കയോടെ യുഡിഎഫ്. ക്രിസ്ത്യൻ ഉൾപ്പെടെ ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ സിപിഎം. അവധിക്കാല ആലസ്യത്തിലാവേണ്ട കേരളത്തിലെ മുന്നണികളെ ചൂടുപിടിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ 24ന് എത്തും മുമ്പ് ന്യൂനപക്ഷ നേതാക്കളെ ഒപ്പമെത്തിക്കാനുള്ള ബിജെപിയുടെ പെടാപ്പാടാണ്.
ഇതുവരെ കിട്ടിയതിലെ "വലിയ മീൻ' കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂരാണ്. മുൻ എംഎൽഎയും കേരളാ കോൺഗ്രസ് നേതാവുമായ മാത്യു സ്റ്റീഫന്‍, പത്തനംതിട്ട യുഡിഎഫ് ചെയർമാൻ വിക്ടർ ടി. തോമസ് എന്നിവരും നെല്ലൂരിനൊപ്പം ചേർന്നേക്കും. എംപിയും മുൻ എംഎൽഎയുമായ കോൺഗ്രസ് നേതാവ് ജോർജ് ജെ. മാത്യു, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് എന്നിവരും ഇവർക്കൊപ്പമുണ്ടാവുമെന്നാണ് പ്രചാരണം.
പുതിയ ദേശീയ പാർട്ടി രൂപീകരിച്ച് ബിജെപി മുന്നണിയുടെ ഭാഗാമാകാനാണ് ആലോചന. നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍പിപി) എന്ന പേരാണ് പാർട്ടിക്ക് പരിഗണിക്കുന്നത്. ബിജെപിയോട് ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗത്തിനുമുള്ള താല്പര്യമില്ലായ്മ മറികടക്കാൻ ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.എന്നാൽ, മുൻ എംപി പി.സി. തോമസും മുൻ എംഎൽഎ പി.സി. ജോർജും സ്വന്തം പാർട്ടി രൂപീകരിച്ച് മുന്നണിയിലെത്തിയിട്ട് എന്തായി എന്ന ചോദ്യം ബിജെപിയുടെ ഉത്തരം മുട്ടിക്കുന്നു.
യുഡിഎഫിന്റെ സെക്രട്ടറി തന്നെ മുന്നണി വിട്ടതും മധ്യകേരളത്തിൽ നിന്ന് പൊഴിയുന്നവരിലേറെയും സ്വന്തം മുന്നണിയിൽ നിന്നാണെന്നതും കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ക്രൈസ്തവ വിഭാഗവുമായി എക്കാലവും ആശയവിനിമയും നടത്തിയിരുന്ന ഉമ്മൻചാണ്ടിയുടെയും കെ.എം. മാണിയുടെയും അഭാവം യുഡിഎഫിനെ വല്ലാതെ വലയ്ക്കുന്നു.
സിപിഎം സ്വതന്ത്ര എംഎൽഎ ആയിരുന്ന അൽഫോൺസ് കണ്ണന്താനം ബിജെപിയിലേയ്ക്ക് പോയതിനാൽ കരുതലോടെയാണ് എൽഡിഎഫ് കാര്യങ്ങളെ വിലയിരുത്തുന്നത്. കാര്യമായ ജനപിന്തുണയുള്ള നേതാക്കളെ കിട്ടാത്തതിൽ ആശ്വസിക്കുമ്പോഴും പ്രധാനമന്ത്രി എത്തുമ്പോൾ സർപ്രൈസ് ആയി ആരെയെങ്കിലും ബിജെപി കണ്ടുവച്ചിട്ടുണ്ടോ എന്ന ആശങ്കയും ഇരുമുന്നണികളെയും അലട്ടുന്നുണ്ട്.