തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ ബസിൽ നിർബന്ധമായും സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മലപ്പുറം കക്കാട് ജിഎം യുപി സ്കൂൾ വിദ്യാർഥിനി ഫാത്തിമ സനിയ്യയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
വൈകല്യമുള്ള കുട്ടികൾക്ക് സ്കൂൾ ബസ്സിൽ സീറ്റ് സംവരണം ഉറപ്പുവരുത്തണമെന്നും ബസ് ഫീസ് സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ഫാത്തിമ സനിയ്യ ഹർജി സമർപ്പിച്ചിരുന്നു.
സ്കൂൾ ബസ് ഫീസ് നിർണയം അതത് സ്കൂളുമായി ബന്ധപെട്ട വിഷയമാണെന്നും എങ്കിലും ശാരീരിക വൈകല്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽകുന്ന വിദ്യാർഥികൾക്ക് മാനുഷിക പരിഗണന കൽപ്പിച്ച് സ്കൂൾ ബസിൽ ഫീസിളവ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞു.