വീണ്ടും കനത്ത പോരാട്ടച്ചൂടിലേക്ക് 
Kerala

വീണ്ടും കനത്ത പോരാട്ടച്ചൂടിലേക്ക്

എം.ബി. സന്തോഷ്

തിരുവനന്തപുരം: വയനാട് ഒഴികെ 13 ജില്ലകളിലെ 49 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് 30ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം വീണ്ടും കനത്ത പോരാട്ടത്തിന്‍റെ ചൂടിലേക്ക്.

ഈ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ കക്ഷികൾക്കെല്ലാം നിർണായകമാണ്. സിപിഎമ്മിനാണ് ഏറ്റവും പ്രധാനം. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അടപടലം വീണുപോയത് താത്കാലികം മാത്രമാണെന്നും, വരാനിരിക്കുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്നും അണികളെയും അനുഭാവികളെയും വിശ്വസിപ്പിക്കണമെങ്കിൽ ഈ ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച ജയം നേടിയേ മതിയാവൂ.

അതിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന ഏക ജില്ലാ പഞ്ചായത്ത് വാർഡായ തിരുവനന്തപുരം വെള്ളനാട് അവിടത്തെ കോൺഗ്രസിന്‍റെ അംഗം വെള്ളനാട് ശശി സിപിഎമ്മിൽ ചേർന്നതിനെ തുടർന്ന് രാജിവച്ച ഒഴിവാണ്. തെരഞ്ഞെടുപ്പ് തീയതി ഇന്നലെയാണ് പ്രഖ്യാപിച്ചതെങ്കിലും ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റും അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയുമായ വി.ആർ. പ്രതാപനെ ഒരാഴ്ച മുമ്പേ യുഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചു. എൽഡിഎഫ് സ്ഥാനാർഥി വെള്ളനാട് ശശി തന്നെ. ആ സീറ്റ് നിലനിർത്താനും പിടിച്ചെടുക്കാനും വൻ മത്സരമായിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം.

പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്ന് രാജിവച്ച് എൽഡിഎഫിലേക്ക് വന്ന മറ്റ് പഞ്ചായത്ത് അംഗങ്ങളുടെ വാർഡിലും വാശിയേറിയ പോരാട്ടമാവും നടക്കുക. അവിടങ്ങളിലെല്ലാം വിജയത്തിൽ കുറഞ്ഞ ഒന്നും എൽഡിഎഫിനും യുഡിഎഫിനും മതിയാവില്ല.

വിഭാഗീയതയെ തുടർന്ന് സിപിഎം വിട്ട് സിപിഐയിൽ ചേർന്ന രാമങ്കരി പഞ്ചായത്ത് മുൻ പ്രസിഡന്‍റ് രാജേന്ദ്രകുമാർ രാജിവച്ച വാർഡിലും തെരഞ്ഞെടുപ്പുണ്ട്. അവിടെ എൽഡിഎഫ് എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് തീരുമാനമായിട്ടില്ല. കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന രാമങ്കരി പഞ്ചായത്ത് ഇപ്പോൾ സിപിഎം പിന്തുണയോടെ കോൺഗ്രസ് ഭരിക്കുന്നു എന്ന വൈരുധ്യവുമുണ്ട്.

സ്വന്തം വാർഡുകളെല്ലാം നിലനിർത്തുകയും എൽഡിഎഫിന്‍റെയും ബിജെപിയുടെയും വാർഡുകൾ പിടിച്ചെടുക്കുകയും ചെയ്താൽ യുഡിഎഫിനും കോൺഗ്രസിനും ഉറച്ച കാൽവയ്പോടെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാവും. എന്നാൽ, തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ രണ്ടു പാർലമെന്‍റ് സീറ്റുകളിലെ തോൽവിയെ തുടർന്നുള്ള ഭിന്നത കൂടുതൽ തീവ്രവും വ്യാപകവുമാവും.

ബിജെപി രണ്ടാം സ്ഥാനത്തേയ്ക്ക് വളരുന്നു എന്ന അവകാശവാദം ശരിയാവണമെങ്കിൽ ഈ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണം. അതിന് സാധിച്ചാൽ അവർക്കും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോ തലയെടുപ്പോടെ നേരിടാം. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ ഭാവിയെ ബാധിക്കുന്ന തെരഞ്ഞെടുപ്പാണിത്.

ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും 4 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 6 മുനിസിപ്പാലിറ്റി വാർഡുകളിലും 38 ഗ്രാമ പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല