തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ് 5 പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പരിക്കേറ്റ രോഗിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
അശ്രദ്ധമായി വാഹനം ഓടിച്ചെന്ന കാരണത്താൽ സംഭവത്തിൽ ആംബുലന്‍സ്, പൊലീസ് ഡ്രൈവർമാർക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
അതേസമയം, സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവർ നിതിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേസ് നൽകാനായി കൊട്ടാരക്കര സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ആക്ഷേപിച്ചെന്നാണ് ആരോപണം.
സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നതെന്നും മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു എന്നും പൊലീസ് ചോദിച്ചു. തന്നെ പ്രതിയാക്കാനാണ് പൊലീസ് നീക്കമെന്നും നിതിന്‍ ആരോപിച്ചു.
കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ബുധനാഴ്ചയാണ് ആംബുലന്‍സിൽ ഇടിച്ചു കയറിയത്. സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമായതിനാൽ പുലമണിൽ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാരും പൊലീസും തക്ക സമയത്ത് ഇടപെട്ട് ആംബുലന്‍സ് ഉയർത്തിയതിനാൽ ആളപായം ഒഴിവാവുകയായിരുന്നു.