തൃശൂർ പൂരം കലക്കൽ: കേസ് രജിസ്റ്റർ ചെയ്തു 
Kerala

തൃശൂർ പൂരം കലക്കൽ: കേസ് രജിസ്റ്റർ ചെയ്തു

പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

തൃശൂർ: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്കു പിന്നാലെ പൂരം കലക്കലിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൂരം കലക്കലുമായി ബന്ധപ്പെട്ട് നേരത്തെ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

തൃശൂർ പൂരം കലക്കലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനാണ് കേസ്. ഗൂഢാലോചന കൂടാതെ, ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ ശ്രമിക്കൽ, സർക്കാരിനെതിരായ കലാപത്തിനുള്ള ശ്രമം, മതപരമായ ആചാരങ്ങൾ തടസപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

അതേസമയം, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരുടെയും പേരുകൾ ഇതിൽ പരാമർശിക്കുന്നില്ല. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേശിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുന്നത്.

ത്രിതല അന്വേഷണമാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ നേതൃത്വത്തിൽ നേരത്തെ നടത്തിയ അന്വേഷണത്തെത്തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള സംശയങ്ങളെക്കുറിച്ചാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.

തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി അസിസ്റ്റന്‍റ് കമ്മിഷണർ പി. രാജ്കുമാർ, വിജിലൻസ് ഡിവൈ. എസ്പി ബിജു വി. നായർ, ഇൻസ്പെക്റ്റർമാരായ ചിത്തരഞ്ജൻ, ആർ. ജയകുമാർ എന്നിവരാണ് പ്രത്യേക സംഘത്തിലെ മറ്റംഗങ്ങൾ.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും