കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയ്‌ക്കെതിരായി സമൂഹ മാധ്യമം വഴി ഫാ. മാത്യൂസ് വാഴക്കുന്നം നടത്തിയ മോശമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ദേഹത്തോട് വിശദീകരണം തേടി. മെത്രാപൊലീത്തയെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ പുറത്തായതോടെയാണ് നടപടി.
ഫാ. മാത്യുസ് വാഴക്കുന്നം പ്രസ്തുത പ്രതികരണത്തില്‍ ബാവായോടു നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും തന്‍റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന് ബാവായോട് അപേക്ഷിക്കുകയും ചെയ്തു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ അച്ചനോട് ബാവാ ഉത്തരവ് നൽകി.
ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ ഫാ.മാത്യൂസ് വാഴക്കുന്നം ആരോപണം ഉന്നയിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഫാ.മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിലയ്ക്കൽ ഭദ്രാസനാധിപനെ ഫാ.മാത്യൂസ് വാഴക്കുന്നം വിമർശിച്ചത്. "നിക്കോദിമോസേ ഡാഷ് മോനേ നിന്റെ കൽപ്പനയ്ക്ക് മറുപടി തരാൻ എനിക്ക് മനസ്സില്ലെടാ.." എന്നും മറ്റുമുള്ള രൂക്ഷമായ ഭാഷയിലായിരുന്നു വിമർശനം. ഭദ്രാസനാധിപന്റെ ചെയ്തികൾ പുറത്ത് വിടുമെന്നും ശബ്ദരേഖയിൽ ഭീഷണിയുണ്ട്.
ഫാ. ഷൈജു കുര്യനെതിരെ നൽകിയ പരാതിയും പുറത്തുവന്നിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടുകളും സ്വഭാവദൂഷ്യ ആരോപണങ്ങളും അടക്കമുള്ള കാര്യങ്ങൾ പരാതിയിലുണ്ട്. വ്യാജ വൈദികനെ പള്ളിയിൽ ഇറക്കിയെന്നും പരാതിയിൽ ആരോപണമുണ്ട്. വൈദികരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടക്കം ഈ പരാതിയും ശബ്ദരേഖയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയാണ് ബിജെപി അംഗത്വം സ്വീകരിച്ച ഫാ. ഷൈജു കുര്യൻ. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹസംഗമ വേദിയില്‍വെച്ച് കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്നാണ് ഷൈജുകുര്യൻ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തിനൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തതും ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്റെ നടപടികൾ ആരംഭിച്ചതും.