തൃശൂര്‍: നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയ്ല് (സിൽവർ ലൈൻ) പദ്ധതിയില്‍ തുടര്‍നടപടികള്‍ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇക്കാര്യം ഡല്‍ഹിയിൽ നടന്ന ചര്‍ച്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. തൃശൂർ റെയ്ൽവേ സ്റ്റേഷൻ പുനരുദ്ധാരണ പദ്ധതികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ റെയ്ൽവേ വികസനത്തിന് വേണ്ടി 393 കോടി രൂപഅനുവദിച്ചതായി അശ്വിനി വ്യക്തമാക്കി. കോഴിക്കോട് അടക്കം കേരളത്തിലെ 35 റെയ്ൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ഫെഡറലിസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ജനങ്ങളുടെ പുരോഗതിക്കായി കേന്ദ്രവും സംസ്ഥാനവും സഹകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹം. അതിനാല്‍ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചാല്‍ കെ റെയ്ല് പദ്ധതിയുടെ അടുത്ത നടപടികളിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കി.
2020 ജൂണിലാണ് സംസ്ഥാന സര്‍ക്കാര്‍ കെ റെയ്ലിന്റെ ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് പാതയ്ക്ക് വേണ്ട സ്ഥലം ഏറ്റെടുക്കാന്‍ സര്‍വെ കല്ല് ഇടുന്ന നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഇതിനെതിരേ സംസ്ഥാനത്തുടനീളം അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്നോക്കം പോയി.
സാങ്കേതിക- പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി പരിഗണിക്കാമെന്ന കേന്ദ്ര റെയ്ൽവേ മന്ത്രിയുടെ പുതിയ നിലപാട് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി മാറിയിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.
അങ്കമാലി- എരുമേലി ശബരി റെയ്ല്‍പാത പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെ ചില നിബന്ധനകള്‍ സഹിതം കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരുമായി റെയ്ൽവേ മന്ത്രാലയം ഉണ്ടാക്കിയ മാതൃക അടിസ്ഥാനമാക്കിയാണ് ശബരി പാതയും നിര്‍മിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഇതു സംബന്ധിച്ച് വൈകാതെ കേരളത്തിന് കത്തയയ്ക്കും. അത് അംഗീകരിച്ചാല്‍ പദ്ധതി ആരംഭിക്കാന്‍ സാധിക്കും.
1997-98ലെ റെയ്ൽവേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത. അലൈന്മെന്റ് അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതി എവിടെയും എത്തിയില്ല. ഇതിനിടെ കാലതാമസം വന്നതോടെ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 36 ശതമാനം വര്‍ധിച്ച് 2,811 കോടിയില്‍ നിന്ന് 3,811 കോടി രൂപയായി ഉയരുകയും ചെയ്തു.
ബംഗളൂരു മുതൽ ഷൊർണൂർ വരെ നാലു വരി പാതയും ഷൊർണൂർ മുതൽ എറണാകുളം വരെ മൂന്ന് വരിയും സ്ഥാപിക്കുമെന്ന് റെയ്ൽവേ മന്ത്രി അറിയിച്ചു. എറണാകുളം മുതൽ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് 3 ലൈനുകൾ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുത്ത നടപടികൾ വേഗത്തിൽ പൂർത്തിയാക്കും.
ആലുവ, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങളും സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. കേരളത്തിലെ റെയ്ൽ വികസന പദ്ധതികളുടെ വിശദമായ വിലയിരുത്തൽ നടത്തി.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ വി. മുരളീധരൻ, ബിജെപി ദേശീയസമിതി അംഗവും റെയ്ൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനുമായ പി.കെ. കൃഷ്ണദാസ്, ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, ജനറൽ സെക്രട്ടറി കെ.ആർ. ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡൽഹിയിലെ തിരക്കുകൾ കാരണം കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തില്ല.