തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ തുക വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. പരമാവധി എടുക്കാവുന്ന വായ്പാ തുക കേന്ദ്രം പ്രഖ്യാപിച്ചതോടെ കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. 32,440 കോടി രൂപ വായ്പയെടുക്കാൻ കഴിയുമെന്നു നേരത്തേ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി നൽകിയത്. 17,110 കോടിയുടെ കുറവ്.
കഴിഞ്ഞ വര്‍ഷം 23,000 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാൽ 7,610 കോടിയുടെ കുറവ്. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുത്തിരിക്കുന്ന വായ്പയുടെ പേരിലാണു നിലവിലെ നടപടി. ഈ തീരുമാനം സംസ്ഥാന സർക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രിയുടെ ഓഫിസ്.
വായ്പാ തുക വെട്ടിക്കുറച്ചതിനു കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയുടെ പേരിൽ നേരത്തേയെടുത്ത വായ്പകളുടെ പേരിലാണിതെന്നാണ് വിവരം. കിഫ്ബി വഴിയും ക്ഷേമ പെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതു പ്രതീക്ഷിച്ച നടപടിയാണെന്നാണ് സംസ്ഥാന ധന വകുപ്പ് പറയുന്നത്. കിഫ്ബിയും ക്ഷേമ പെന്ഷന് കമ്പനിയുമെടുത്ത 14,312 കോടിയുടെ വായ്പ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ പരുങ്ങലിലാക്കും.