കൊല്ലം: ഡോക്‌ടർ വന്ദനാ ദാസിന്‍റെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. 1050 പേജുള്ള കുറ്റപത്രമാണ് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസഫ് കോടതിയിൽ സമർപ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെതന്നെയാണ് കുത്തിയതെന്നും പ്രതി സ്ഥിരം മദ്യപാനിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ 15 ദൃക്സാക്ഷികളടക്കം 136 സാക്ഷികളുടെ പട്ടിക കുറ്റപത്രത്തിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ, 110 തൊണ്ടി മുതലുകൾ, ശാസ്ത്രീയ റിപ്പോർട്ടുകൾ എന്നിവയും കുറ്റപത്രത്തിലുണ്ട്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്.
രണ്ടരമാസത്തെ അന്വേഷണത്തിനു ശേഷമാണ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി പതിനെഴാം തീയതി വാദം കേൾക്കും.