പിണറായി വിജയൻ | എംആർ അജിത് കുമാർ  
Kerala

എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി

അവധി അപേക്ഷ പിന്‍വലിച്ച് അജിത്കുമാർ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പാര്‍ട്ടിയിലും മുന്നണിയിലും ഉയരുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും ക്രമസമാധാന ചുമതലയലയിലുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയം എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ പോലും ഉള്‍പ്പെടുത്തിയില്ലെങ്കിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഒടുവില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നടത്തേണ്ടിവന്നു. യോഗശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുള്‍പ്പടെ ആരോപണം ഉന്നയിച്ച പി.വി. അന്‍വറിനെതിരായാണ് തിരിഞ്ഞതെങ്കിലും ഘടകകക്ഷികള്‍ എഡിജിപിയെ മാറ്റണമെന്ന തങ്ങളുടെ നിലപാട് ഇന്നലെ നടന്ന യോഗത്തില്‍ കൃത്യമായി ഉന്നയിച്ചു.

പൊലീസ് തലപ്പത്തും മലപ്പുറം പൊലീസിലും ഇടത് മുന്നണി യോഗത്തിന്‍റെ തലേന്ന് മാറ്റം കൊണ്ടുവന്ന് ആരോപണങ്ങളുടെ മൂര്‍ച്ച കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ശക്തമായ നിലപാടിലായിരുന്നു ഘടകകക്ഷികള്‍. എന്നാല്‍ ഉടനെ നടപടി വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കൂടിക്കാഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എഡിജിപിയെ പ്രതിരോധിച്ചത്. എഡിജിപിയെ മാറ്റാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി സിപിഐയും എന്‍സിപിയും ആര്‍ജെഡിയും അജിത് കുമാറിനെ ചുമതലയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുന്നണി യോഗത്തിനു മുന്‍പായി സിപിഎം-സിപിഐ നേതാക്കള്‍ ആശയവിനിമയം നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി വിഷയം ഉന്നയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് വരെ കാക്കണമെന്നായിരുന്നു സിപിഎം നിലപാട്.

എഡിജിപിക്കെതിരായ നടപടി യോഗത്തില്‍ ചര്‍ച്ചയായില്ലെങ്കിലും എല്‍ഡിഎഫില്‍ പിണറായി വിജയനെതിരെ ഘടകക്ഷികള്‍ പ്രതികരിച്ച് തുടങ്ങിയെന്നതാണ് പുറത്ത് നിന്നും ഘടകക്ഷി നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് ആര്‍ജെഡി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനുശേഷം പ്രതികരിച്ചു. വിഷയം യോഗത്തിന്‍റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇതോടെ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ അവരുടെ നിലപാട് അറിയിച്ചു. തുടര്‍ന്ന് ഈ രാഷ്ട്രീയ വിഷയം കൂടി അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതിന് എതിരായി പറയാന്‍ കഴിയില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഗൗരവതരമെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. ക്രമസമാധാന ചുമതലയില്‍നിന്ന് എഡിജിപിയെ മാറ്റണമെന്ന് ആര്‍ജെഡിയും ആവശ്യപ്പെട്ടു.

അതേസമയം, വിവാദങ്ങള്‍ക്കിടെ നേരത്തെ അവധിക്ക് നല്‍കിയ അപേക്ഷ പിന്‍വലിച്ച് എഡിജിപി എം.ആര്‍. അജിത് കുമാര്‍. അവധി വേണ്ടെന്ന് അജിത് കുമാര്‍ സര്‍ക്കാരിനു കത്ത് നല്‍കി. ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. അവധി കഴിഞ്ഞാല്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്നു മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിന്തുണച്ചതോടെ ഡ്യൂട്ടിയിലേക്ക് തിരികെയെത്താനാണ് തീരുമാനം.

എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക. കൂടിക്കാഴ്ചയില്‍ സര്‍വീസ് ചട്ടലംഘനമോ അധികാര ദുര്‍വിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക. വീഴ്ച കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. ഈ അന്വേഷണമായിരിക്കും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലെ അന്വേഷണം.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും