എ. ജയകുമാർ, ആർഎസ്എസ് നേതാവ് 
Kerala

ചീഫ് സെക്രട്ടറിമാർ പോലും ആർഎസ്എസുമായി ചർച്ച നടത്തി

എഡിജിപിയുടെ കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ആർഎസ്എസ് നേതാവ് എ. ജയകുമാർ

തിരുവനന്തപുരം: കേരള പൊലീസിലെ രണ്ടാമനായ എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി മുതിർന്ന ആർഎസ്എസ് നേതാവ് എ. ജയകുമാർ. ഇത് ആദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസ് അധികാരിയെ കാണാന്‍ വരുന്നതെന്ന് കൂടിക്കാഴ്ചയ്ക്കു മധ്യസ്ഥനായി എന്ന ആരോപണം നേരിട്ട ജയകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഐഎഎസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറി പോലും ആര്‍എസ്എസ് നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ട്. ആ സന്ദര്‍ശനത്തില്‍ അസ്വാവാഭാവികത ഇല്ല. സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവാണ്. ഇതുവരെ കണ്ടവരുടെ എണ്ണം നോക്കി വിശദീകരണത്തിനു നോട്ടീസയച്ചാല്‍ അതന്വേഷിക്കാൻ പുതിയ വകുപ്പ് തുടങ്ങേണ്ടി വരും- അദ്ദേഹം പരിഹസിച്ചു.

ഞാൻ എൻജിനീയറിങ് വിദ്യാഭ്യാസം കഴിഞ്ഞ് ആർഎസ്എസുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ട് മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. നാഗ്പ്പുരിലും ഡല്‍ഹിയിലുമായിരുന്നു ഏറിയ പങ്കും ചെലവഴിച്ചത്. വിദ്യാഭ്യാസവും ശാസ്ത്രവും സാങ്കേതിക വിദ്യയും ആയിരുന്നു പ്രവര്‍ത്തന മേഖല. എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ചാ വിവാദത്തിൽ ചാനലുകള്‍ കാണുമ്പോഴാണ് ഡിജിപി ഓഫിസില്‍ നിന്നും നോട്ടീസ് അയച്ചെന്ന വാർത്ത അറിയുന്നത്.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്‍റെ മുതിര്‍ന്ന അധികാരികളെ പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും ആശയങ്ങള്‍ പങ്കിടുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതും 1925ല്‍ ആര്‍എസ്എസ് തുടങ്ങിയ കാലം മുതലുള്ള സംവിധാനമാണ്. സംഘത്തിന്‍റെ സാംസ്‌കാരിക ജൈത്ര യാത്രയില്‍, വന്നു കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങള്‍ കൈമാറിയവരുടെയും ലിസ്റ്റെടുത്താല്‍ പ്രധാനമന്ത്രിമാര്‍, പ്രസിഡന്‍റുമാര്‍, സിവില്‍ സര്‍വീസുകാര്‍ തൊട്ടു സാധാരണ മനുഷ്യര്‍ വരെ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ വരും.

കേരളത്തിലാദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസിന്‍റെ അധികാരിയെ കാണാന്‍ വരുന്നത്. ഇന്ന് സര്‍വീസില്‍ തുടരുന്ന എത്രയോ ഐപിഎസുകാരും ഐഎഎസുകാരും എന്തിനേറെ ചീഫ് സെക്രട്ടറിമാര്‍ വരെ ആര്‍എസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ഇതില്‍ നിരവധി പേര്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

എന്‍റെ പൊതു ജീവിതത്തില്‍ ചെന്നു കണ്ടവരുടെയും എന്നെ വന്നു കണ്ടവരുടെയും എന്നോടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാല്‍ അതില്‍ എല്ലാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും മത വിഭാഗങ്ങളിലും പെടുന്ന നൂറുകണക്കിനു നേതാക്കള്‍ ഉണ്ടാകും. അതിനൊക്കെ തനിക്കു നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍ ഇതിനായി ഒരു പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സര്‍ക്കാര്‍ ആരംഭിക്കേണ്ടി വരും.

ആര്‍എസ്എസ് ഒരു ലക്ഷത്തോളം ശാഖകളുള്ള 40 ഓളം മറ്റു സംഘടനകളിലൂടെ 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഭാവനാസമ്പന്നരും ക്രിയാശേഷിയുള്ളവരുമായ നിസ്വാർഥരായ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും എല്ലാ കാലത്തും ആര്‍എസ്എസുമായി സംവദിച്ചിരുന്നു.

സമ്പർക്ക്‌ പ്രമുഖ്‌ എന്ന നിലയിൽ ഇനിയും പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ തുടരും. നോട്ടീസ്‌ കിട്ടിയാലും ഇല്ലെങ്കിലും കൂടികാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്കു ബോധ്യപ്പെടും- ജയകുമാർ പറയുന്നു.

ദിവ്യക്കെതിരേ പാർട്ടി നടപടി; ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതി

നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് പരിശോധന നടത്തിയത്; തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി കലക്റ്റർ

താ​ൻ ക​യ​റി​യ​ത് ഷാ​ഫിയുടെ കാറിലെന്ന് രാഹുൽ

ഒടുവിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ; എല്ലാ പദവികളിൽ നിന്നും നീക്കാൻ സിപിഎം

എൽഎൽബി ചോദ്യ പേപ്പറിൽ നവീൻ ബാബുവിന്‍റെ മരണത്തെ പരാമർശിക്കുന്ന ചോദ്യം: അധ്യാപകനെ പിരിച്ചുവിട്ടു