തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇനി അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്ന വിദഗ്ധസമിതി. കാലപ്പഴക്കം കൊണ്ട് ദുർബലാവസ്ഥയിലായ കെട്ടിടം നവീകരിക്കണമെന്ന നിർദേശമാണ് സർക്കാർ ആദ്യം പരിഗണിച്ചത്. എന്നാൽ, 81 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഇനി അറ്റകുറ്റപ്പണി നടത്തുന്നതുകൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി. വെള്ളം -വൈദ്യുതി കണക്ഷനുകൾ തടസപ്പെടുന്നതും താത്കാലികമായ അറ്റകുറ്റപ്പണി നടത്തുന്നതും പതിവാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയാൻ ശുപാർശയുണ്ടായിരുന്നു. രാജകീയ പ്രൗഢിയുണ്ടെങ്കിലും ഇത്ര പഴക്കമുള്ള കെട്ടിടത്തിൽ മുഖ്യമന്ത്രിമാർ താമസിക്കുന്നത് സുരക്ഷിതമല്ല. കൂടുതൽ മോശമായ കെട്ടിടങ്ങളുടെ കാര്യത്തിൽ നടത്താറുള്ള പീരിയോഡിക് ഇൻസ്പെക്ഷനിലാണ് ഇത്തവണ വിശദമായി പരിശോധിച്ച് പൊളിച്ച് പണിയുകയാണ് പോംവഴി എന്ന നിഗമനം ഉറപ്പിച്ചത്.
ഇപ്പറഞ്ഞ പ്രശ്നമെല്ലാം പരിഹരിച്ച് പണി നടത്തുന്നതിലും ഭേദം പുതിയ കെട്ടിടം നിർമിക്കുന്നതാണ് എന്നാണ് ഉദ്യോഗസ്ഥരെല്ലാം അഭിപ്രായപ്പെട്ടത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയുന്നത് രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാൽ ഉടൻ പരിഗണിക്കാനിടയില്ല. രണ്ടു നിലകളുള്ള ക്ലിഫ് ഹൗസ് പരമ്പരാഗത കേരള വാസ്തുശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. പാശ്ചാത്യ വാസ്തുശില്പ രീതിയുടെ ചെറിയ സ്വാധീനവും ഈ കെട്ടിടത്തിൽ കാണാം. 15,000 ചതുരശ്രഅടിയാണ് വീടിന്‍റെ വിസ്തീർണം. 7 ബെഡ് റൂമുകളും ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഇവിടെയുണ്ട്. മറ്റേത് ഔദ്യോഗിക വസതിയെയും പോലെ വീട്ടിനുള്ളിൽ ഒരു ഓഫീസ് സൗകര്യങ്ങളുമില്ല. ചെറിയൊരു കോൺഫറൻസ് ഹാൾ മാത്രമാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇവിടെയുള്ളത്. മിക്ക കിടപ്പുമുറികളും രണ്ടാം നിലയിലായതിനാലാണ് ലിഫ്റ്റ് സ്ഥാപിക്കാൻ അടുത്തയിടെ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെയും മുഹമ്മദ് റിയാസിന്‍റെയും വിവാഹം ഇവിടെയാണ് നടന്നത്. ക്ലിഫ് ഹൗസ് പൊളിച്ചുപണിയാൻ തീരുമാനമെടുക്കേണ്ടതും ക്ലിഫ് ഹൗസ് കോംപൗണ്ടിലെ മന്ത്രിമന്ദിരത്തിൽ താമസിക്കുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ്.
നേരത്തെ ക്ലിഫ് ഹൗസിൽ നീന്തൽകുളം, പശുത്തൊഴുത്ത്, ചുറ്റുമതിൽ എന്നിവയെല്ലാം നിർമിച്ചതെല്ലാം വലിയ വിവാദങ്ങളായിരുന്നു. ചാണകക്കുഴി നിർമിക്കാൻ ടെൻഡർ ക്ഷണിച്ചതിനെ പരിഹസിച്ച് ഇന്നലെ കോൺഗ്രസ് വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം ഉൾപ്പടെ രംഗത്തെത്തി. വിഐപികളുടെയും കുടുംബത്തിന്‍റെയും താമസത്തിന് വേണ്ടിയാണ് ക്ലിഫ് ഹൗസ് നിർമിച്ചത്. എന്നാൽ പിന്നീട് മുഖ്യമന്ത്രിമാർ ഇവിടേക്ക് താമസിക്കാനെത്തുകയായിരുന്നു. 1957ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ, ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്‍റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തിരു-കൊച്ചി മുഖ്യമന്ത്രിമാർ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനുപകരം തന്‍റെ ഔദ്യോഗിക വസതിയായി തെരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിമാർ താമസിക്കുന്ന സുപ്രധാന കെട്ടിടമായതുകൊണ്ടും ഉപയോഗത്തിലിരിക്കുന്നതുകൊണ്ടും ക്ലിഫ് ഹൗസിന്‍റെ പൈതൃക പദവി സംബന്ധിച്ച് ചർച്ചയൊന്നും ഉണ്ടായിട്ടില്ല. പക്ഷേ സംസ്ഥാന നഗരാസൂത്രണ വകുപ്പിന്‍റെ വെബ്സൈറ്റിൽ തിരുവനന്തപുരത്തെ പൈതൃക പദവിയുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ക്ലിഫ് ഹൗസ് ഉണ്ട്.