മദനിക്കെതിരായ വിമർശം: പി. ​ജയരാജ​നെ തള്ളി പിണറായി  
Kerala

മദനിക്കെതിരായ വിമർശം: പി. ​ജയരാജ​നെ തള്ളി പിണറായി

എ​ഴു​തി​യ​ത് വ​സ്തു​ത​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

കോഴിക്കോട്: സി​പി​എം നേ​താ​വ് പി. ​ജയരാജ​ന്‍റെ പുസ്തകത്തിൽ പിഡിപി ചെയർമാൻ അബ്‌ദുൽ നാസർ മദനിക്കെതിരേ ന​ട​ത്തി​യ പരാമർശത്തോട് വി​യോ​ജി​ച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകം പ്രകാശനം ചെയ്യുന്നത് കൊണ്ട് അതിലുള്ള എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നു പറയാനാവില്ല. പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ല. ജയരാജന്‍റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ട്. അതിനെ അങ്ങനെ തന്നെ കാണണമെന്ന് പിണറായി പറഞ്ഞു. പി.​ ​ജയരാജൻ എഴുതിയ "കേരളം: മുസ‌്‌ലിം രാഷ്‌​ട്രീയം, രാ​ഷ്‌​ട്രീയ ഇസ്‌ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുമ്പോ​ഴാ​ണ് മുഖ്യമന്ത്രി, എ​ഴു​ത്തു​കാ​ര​ന്‍റെ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടു​ള്ള വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.

മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണോടെ കാണുന്നത് ശരിയല്ലെന്ന് പിണറായി പറഞ്ഞു. ഇസ്‌ലാമിക രാജ്യം സൃഷ്ടിക്കലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. സാമൂഹിക പരിഷ്കരണം ആയിരുന്നു മുസ്‌ലിം ലീഗിന്‍റെ ആദ്യ കാഴ്ചപ്പാട്. ജമാഅത്തെ ഇസ്‌ലാമി പഴയകാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. മുസ്‌ലിം ലീഗിന് ഇന്ത്യക്ക് പുറത്ത് സഖ്യം ഇല്ല. ജമാഅത്തെ ഇസ്‌ലാമി ശത്രുക്കളെ ഇല്ലാതാക്കാൻ മടിക്കാത്തവരാണ്. അതിനായി സാമ്രാജ്യത്വ ശക്തികളെ കൂട്ടുപിടിക്കുന്നു. ഇസ്‌ലാമിലെ ആർഎസ്എസ് ആണ് ജമാഅത്തെ ഇസ്‌ലാമി. ലീഗ് ചെയ്യുന്ന അപരാധ​വും കാണാതിരുന്നുകൂടാ. ലീഗ് ബിജെപിയും കോൺഗ്രസുമായും ചേർന്ന് കമ്യൂണിസ്റ്റു​കാ​രെ എതിർക്കുന്നു. എസ്ഡിപിഐയുമായും വർഗീയ സംഘടനകളുമായും കൂട്ടുചേർന്ന് ലീഗ് വലിയ ആപത്ത് ഉണ്ടാക്കുന്നു. ഇത് ലീഗിലെ അണികളെ മതതീവ്രവാദ ശക്തികളിലേക്ക് കൊണ്ടുപോകുന്നു. ലീഗിന്‍റെ അവസരവാദം തുറന്നു കാട്ടേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു.

എന്നാൽ മദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജൻ വ്യക്തമാക്കി. മദനിയുടെ പ്രസംഗത്തിൽ തീവ്രസ്വഭാവമുള്ള വിമർശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിൽക്കാലത്തു മഅദനി നിലപാടിൽ മാറ്റം വരുത്തി. ആർഎസ്എസിന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് എഴുതാമെങ്കിൽ ന്യൂനപക്ഷ വർഗീയയെക്കുറിച്ചും എഴുതാൻ അവകാശം ഉണ്ടെന്ന് ജയരാജൻ വ്യക്തമാക്കി.

ജയരാജന്‍റെ പുസ്തകം കത്തിച്ച് പിഡിപി പ്രതിഷേധം

അബ്ദുൾ നാസർ മദനിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ പി. ജയരാജന്‍റെ പുസ്തകം കത്തിച്ച് പിഡിപി പ്രവർത്തകരുടെ പ്രതിഷേധം. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷം പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപത്തേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ പുസ്തകത്തിന്‍റെ കോപ്പികൾ കത്തിക്കുകയായിരുന്നു.

ബാബറി മസ്ജിദിന്‍റെ തകർച്ചയ്ക്കു ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൾ നാസർ മദനി പ്രധാന പങ്കുവഹിച്ചെന്ന ജയരാജന്‍റെ പുസ്തകത്തലെ പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്. മദനിയുടെ കേരള പര്യടനത്തിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. മഅദനിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായാണ് ലഷ്‌കർ ഇ-തൊയ്ബ ദക്ഷിണേന്ത്യൻ കമാൻഡറായി മാറിയ തടിയന്‍റവിട നസീർ തീവ്രവാദത്തിലേക്ക് എത്തിയത്. മദനി രൂപവത്കരിച്ച ഐഎസ്എസിന്‍റെ നേതൃത്വത്തിൽ യുവാക്കൾക്ക് ആയുധപരിശീലനം നൽകി. പൂന്തുറ കലാപത്തിൽ ഐഎസ്എസിനും ആർഎസ്എസിനും പങ്കുണ്ട്. കോയമ്പത്തൂർ സ്ഫോടനത്തിൽ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങൾ വന്നെന്നും പുസ്തകത്തിൽ ജയരാജൻ വിലയിരുത്തുന്നുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ