തിരുവനന്തപുരം: കേരള സർവകാലാശാസ യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ കോളെജ് പ്രിൻസിപ്പലിന്‍റെ മുൻക്കൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രിൻസിപ്പൽ ഷൈജുവിന്‍റെ അപേക്ഷയാണ് കോടതി തള്ളിയത്.
പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്.
കോളെജ് പ്രിൻസിപ്പലെന്ന നിലയിൽ യൂണിവേഴ്സിറ്റിയോട് പുലർത്തേണ്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റിയെന്നും വ്യാജേ രേഖ എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണന്നുമായിരുന്നു പ്രതിഭാഗതിന്‍റെ വാദം.
എന്നാൽ പ്രതി നടത്തിയത് ഗുരുതര കുറ്റമാണ് ഇത് പൊലീസ് അന്വേഷണത്തിൽ ബോധ്യമായതാണ് എന്നും സർക്കാർ അഭിഭാഷകൻ ഹരീഷ് മറുപടി നൽകിയിരുന്നു.
ആൾമാറാട്ട കേസിൽ ഒന്നാം പ്രതിയാണ് കോളെജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജു. രണ്ടാം പ്രതി എസ്എഫ്ഐ നേതാവ് എ. വിശാഖുമാണ്.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ആൾമാറാട്ടം. വ്യാജ രേഖ ചമയ്ക്കൽ , കേരള സർവകലാശാലയെ തെറ്റിദ്ധരിപ്പിക്കൽ എന്നിങ്ങനെയാണ് കേസുകൾ.
കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയുടെ പേരിന്‍റെ സ്ഥാനത്ത് വിശാഖിന്‍റെ പേര് ചേർത്ത് യൂണിവേഴിസിറ്റിക്ക് പട്ടിക നൽകുകയായിരുന്നു.