തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു വർഷ ബിരുദം കോഴ്സുകൾ ഈ വർഷം കൂടി മാത്രം. അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ഈ വർഷം കോളെജുകളെ ഇതിനായി നിർബന്ധിക്കില്ല. നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.
3 വർഷം പൂർത്തിയാക്കുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. 3 വർഷം കഴിയുന്നവർക്ക് എക്സിറ്റ് ഓപ്ഷന്‍ ഉണ്ടാവും. തുടർന്നും പഠിക്കണമെന്നുള്ളവർക്ക് നാലാം വർഷം കോഴ്സ് തുടരാം. ഇവർക്ക് ഓണേഴ്സ് ബിരുദം നൽകും. നാലാം വർഷം ഗവേഷണത്തിലാകും പ്രാധാന്യം നൽകുക.
ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എന്‍ട്രിക്കുളള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
4 വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ടെങ്കിലും ഈ വർഷം കോളെജുകളെ ഇതിനായി നിർബന്ധിക്കില്ല. എന്നാൽ അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും 4 വർഷ ബിരുദ കോഴ്സായിരിക്കും. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ 4 വർഷ ബിരുദ കോഴ്സ് നടത്താം.