സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദേവസ്വം, പട്ടികജാതി- വർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ എംപിയായതിനെതിനെ തുടർന്ന് രാജിവച്ച ഒഴിവില്‍ മന്ത്രിസഭയിലേക്ക് എത്തുന്ന ഒ.ആര്‍. കേളുവിന് ഒരു വകുപ്പു മാത്രം നല്‍കിയതിൽ വിവാദം. രാധാകൃഷ്ണന്‍ വഹിച്ചിരുന്ന എല്ലാ വകുപ്പുകളും നല്‍കാതെ ഗോത്രവർഗക്കാരനായ കേളുവിനെ അപമാനിക്കുന്ന സമീപനമാണ് ഇടതുമുന്നണി സ്വീകരിച്ചതെന്ന വിമര്‍ശനമാണ് ഉയരുന്നത്.
എന്നാൽ, തന്‍റെ തീരുമാനം കൂടി പരിഗണിച്ചാണ് വകുപ്പ് നൽകിയതെന്നാണ് വയനാട്ടിലെ മാനന്തവാടി മണ്ഡലം എംഎൽഎയായ കേളുവിന്‍റെ പ്രതികരണം. രാധാകൃഷ്ണന് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ വകുപ്പിന് പുറമെ ദേവസ്വം, പാര്‍ലമെന്‍ററി കാര്യ വകുപ്പുകളും നല്‍കിയിരുന്നു. എന്നാല്‍ ഗോത്രവിഭാഗത്തില്‍ നിന്ന് ആദ്യമായി മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന സിപിഎം നേതാവായ കേളുവിന് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം മാത്രമാണ് നല്‍കിയിരിക്കുന്നത്. ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് സവര്‍ണ പ്രീണനമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ആദിവാസി ഗോത്രമഹാ സഭ നേതാവ് എം. ഗീതാനന്ദന്‍ ഇതിനെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണരെ പ്രീണിപ്പിക്കാനാണെന്ന് ഗീതാനന്ദന്‍ ആരോപിച്ചു.
പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും ഈ വിഷയം ഏറ്റുപിടിച്ചു. കേളു സിപിഎമ്മിന്‍റെ തമ്പ്രാന്‍ നയത്തിന്‍റെ ഇരയാണെന്നു സുരേന്ദ്രന്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരോടുള്ള നീതിനിഷേധമാണിത്. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നല്‍കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.