തിരുവനന്തപുരം : വേതനവർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പാചകവാതക തൊഴിലാളികൾ ഈ മാസം 14, 15 തീയതികളിൽ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ സൂചനാ പണിമുടക്ക് പിൻവലിച്ചു.
അഡിഷണൽ ലേബർ കമ്മിഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളികളുടെയും കോൺട്രാക്ടർമാരുടെയും കമ്പനി പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണു തീരുമാനം. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനും തീരുമാനമായി.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാർ ട്രക്ക് തൊഴിലാളികളാണു സമരം പ്രഖ്യാപിച്ചിരുന്നത്.