Indian rupee money bag, representative image of a chit fund. Image by Freepik
Kerala

സഹകരണ ബാങ്ക് ചിട്ടികളും നിരീക്ഷണത്തിലേക്ക്

അജയൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് നടത്തിവരുന്ന അന്വേഷണം സഹകരണ ബാങ്കുകൾ നടത്തിവരുന്ന ചിട്ടികളിലേക്കു കൂടി വ്യാപിച്ചേക്കും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുക വഴി നിയമത്തിൽ പഴുതു കണ്ടെത്തി പ്രവർത്തിച്ചിരുന്ന ഇത്തരം സ്ഥാപനങ്ങൾ തൃശൂരിൽ വ്യാപകമായിരുന്നു. ഇവയിൽ മിക്കതും കാലക്രമേണ തകരുകയും ചെയ്തു. ഈ വിടവിലേക്കാണ് സഹകരണ ബാങ്കുകൾ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഇത്തരം ബാങ്കുകൾക്ക് ചിട്ടി ഫണ്ട് നടത്താൻ അനുമതിയില്ലെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടാണ് പ്രതിമാസ നിക്ഷേപ പദ്ധതി എന്ന പേര് ഇവയ്ക്കു നൽകിവരുന്നത്.

ഈ സാഹചര്യത്തിൽ, നിയമവിധേയമായി പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങളുടെ ചിട്ടികൾ പോലും ഇഡി നിരീക്ഷണവിധേയമാക്കുമെന്നാണ് സൂചന. ഇത്തരം ചിട്ടികളിലും കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതികൾക്ക് ഇടപാടുകളുണ്ടായിരുന്നു എന്നു വ്യക്തമായതാണ് ഇതിനു കാരണം.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്‍റെ പരിധിക്കു പുറത്ത് താമസിക്കുന്നവർ പോലും ഇവിടത്തെ ചിട്ടിയിൽ ചേരുകയും തിരിച്ചടവ് മുടക്കുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പത്തു ലക്ഷം രൂപയുടെ ചിട്ടി പിടിച്ച ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറും ഇതിൽ ഉൾപ്പെടുന്നു. അടവുകൾ ജാമ്യമാക്കി ആറു കോടി രൂപ ഇയാൾ വായ്പയെടുത്തു, ഒന്നും തിരിച്ചടച്ചിട്ടുമില്ല. ചിട്ടിയിലെ വീഴ്ച റിപ്പോർട്ട് ചെയ്യാൻ ബാങ്ക് തയാറായതുമില്ല. പിന്നീട് ബാങ്കിന്‍റെ ആസ്തിയിൽ കാര്യമായ നഷ്ടമുണ്ടാകാൻ ഇതിടയാക്കി. ഈ ഒറ്റ ബാധ്യത മാത്രം 2022 അവസാനത്തോടെ 19 കോടി രൂപയായി വർധിച്ചെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു.

ചിട്ടിയിൽ ചേർന്ന മറ്റൊരു ഇടപാടുകാരൻ കൂടി സമാന ശൈലി അനുവർത്തിച്ചിരുന്നു. ഈ സ്വർണക്കട മുതലാളി ചിട്ടി അടവിന്‍റെ മറവിൽ 12 കോടി രൂപയാണ് ബാങ്കിനു കിട്ടാക്കടം വരുത്തിയത്. സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്ക് ഡയറക്റ്റർ ബോർഡിന്‍റെ അറിവോടെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

കെഎസ്എഫ്ഇ ചെയർമാൻ കൂടിയായിരുന്ന സിപിഎം നേതാവ് എ.കെ. ബാലൻ ഈ വിഷയം മുൻകൂട്ടി കണ്ടാണ് കെഎസ്എഫ്ഇ ചിട്ടികളുടെ മറവിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും, തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇഡിയെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമായിരിക്കും എന്നും മുന്നറിയിപ്പ് നൽകിയത്.

സമയത്ത് ജുഡീഷ്യൽ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ...

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്‍റെ ഡയറക്റ്റർ ബോർഡിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി 2010ൽ കോഴിക്കോട്ടെ ആർബിട്രേഷൻ കോടതി വിധി വന്നു. ഇതോടെ തെരഞ്ഞെടുപ്പ് അസാധുവായി. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള ഡയറക്റ്റർ ബോർഡ് ഒഴിഞ്ഞ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയില്ല. പകരം, വിധി കോഓപ്പറേറ്റിവ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തു. അവിടെയും അനുകൂല വിധി കിട്ടാതായപ്പോൾ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തു. അവിടെ തീർപ്പാകുന്നതിനു മുൻപു തന്നെ ബോർഡിന്‍റെ കാലാവധി അവസാനിക്കുകയും ചെയ്തു. ഇതോടെ ആർബിട്രേഷൻ കോർട്ടിന്‍റെ ആദ്യ വിധി അപ്രസക്തവുമായി.

ഈ ബോർഡ് അധികാരത്തിലിരുന്ന കാലത്താണ്, നിലവിൽ ഇഡി അന്വേഷിക്കുന്ന വിഷയങ്ങളെല്ലാം തുടങ്ങുന്നത്. മുൻപ് സഹകരണ സംഘമായിരുന്ന ബാങ്ക് നാൽപ്പതു വർഷത്തിലേറെയാണ് സിപിഎമ്മിന്‍റെ തന്നെ നിയന്ത്രണത്തിലുമാണ്.

2015ൽ ഡയറക്റ്റർ ബോർഡിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് അധികാരം നിലനിർത്തുകയും ചെയ്തു. മുൻ ബോർഡിന്‍റെ സംശയാസ്പദമായ പ്രവർത്തനങ്ങൾ അവർ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി